വടകര: പരിചമുട്ടുകളിയിൽ ഫോക‌്ലോർ അക്കാദമി പുരസ്കാര നിറവിൽ ഒഞ്ചിയം സ്വദേശി ജഗത് രാമചന്ദ്രൻ. പരമ്പരാഗത ശൈലിയോടൊപ്പം ചുവടുകളിലും പാട്ടിലും പുതുമ തീർത്തതിനാണ് പുരസ്കാരം. ഗീവർഗീസ് പുണ്യാളന്റെ അപദാനങ്ങളെ കാലാനുസൃതമായി ചടുലതയോടെ ചുവടൊരുക്കി ആവിഷ്കരിക്കുകയായിരുന്നു ഇദ്ദേഹം. ജില്ല, സംസ്ഥാന സ്കൂൾ, കോളേജ് കലോത്സവങ്ങളിലെ പരീശീലകനും വിധികർത്താവുമാണ് ജഗത് രാമചന്ദ്രൻ.നേരത്തെ ഫോക്‌ലോർ അക്കാദമിയുടെ പരിചമുട്ടുകളി പരിശീലകൻ എന്ന സാക്ഷ്യപത്രം ലഭിച്ചിരുന്നു. കേരള ഹെറിറ്റേജ് ഫോറത്തിന്റെ പൈതൃക പുരസ്കാര വും, കണ്ണൂർ ബിഹൈൻഡ് കർട്ടന്റ പ്രതിഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ക്രൈസ്തവ കളരി പാരമ്പര്യം ഇഴചേർന്ന കലാരൂപത്തെ പുരാണ കഥകൾ, പഴശ്ശിരാജ കഥകൾ എന്നിവ കോർത്തിണക്കിയും വേദികളിൽ അവതരിപ്പിച്ചു. എ.കെ.ജിയുടെ ജീവിതം ഇതിവൃത്തമാക്കി ചുവടുകളൊരുക്കിയതിന് പുതുമ നിറഞ്ഞ പരീക്ഷണമെന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. പി. പി ഗോപാലൻ പoന കേന്ദ്രം ഒഞ്ചിയത്തിന്റെ പരിചമുട്ട് പരിശീലനത്തിലൂടെയാണ് ഈ രംഗത്തേക്ക് എത്തുന്നത്. ഒഞ്ചിയം പുതിയടത്ത് ക്ഷേത്രോത്സ വേദിയിലായിരുന്നു അരങ്ങേറ്റം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിന് ശിഷ്യന്മാരുള്ള ഈ കലാകാരൻ പരിചമുട്ടുകളിയെ ജനകീയമാക്കാനും സർക്കാർ സഹായത്താൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനുമുള്ള പരിശ്രമത്തിലാണ്. നിലവിൽ യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകളുടെ ജീപ്പാസ് യു ഫെസ്റ്റിന്റെ ജൂറി കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. സി.പി.എം ഒഞ്ചിയം സ്കൂൾ ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്. പുത്തൻ പുരയിൽ രാമചന്ദ്രൻ-അംബിക ദമ്പതികളുടെ മകനാണ്. സഹോദരൻ: രാജേഷ് .