കോഴിക്കോട്: നഗരത്തിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാക്കുന്ന പ്രവൃത്തി ഇഴയുന്നു. കാലവർഷം തുടങ്ങിയതോടെ കത്തുന്ന പല വിളക്കുകളും അണഞ്ഞത് നഗരത്തെ ഇരുട്ടിലാക്കി. മാറ്റി സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ ഗുണമേന്മ കുറഞ്ഞതിനാൽ തെളിയാത്ത സ്ഥിതിയുമുണ്ട്. തെരുവ് നായ ശല്യവും മോഷണവും പെരുകുന്ന സാഹചര്യത്തിൽ നഗരത്തെ ഇരുട്ടിലാക്കുന്ന കോർപ്പറേഷന്റെ നടപടിയിൽ നഗരവാസികളിൽ അമർഷം പുകയുകയാണ്. താത്ക്കാലിക പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ഇ.ബിയുമായി ചേർന്ന നടത്തിയ ശ്രമവും ഫലം കണ്ടില്ല. മാർച്ച് 31ന് മുമ്പ് നഗരത്തിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കുമെന്നാണ് പദ്ധതി ഏറ്റെടുത്ത കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കിയോണിക്‌സ്) നഗരസഭയ്ക്ക് നൽകിയ ഉറപ്പ് . 2019 ഡിസംബറിലാണ് ധാരണ പത്രം ഒപ്പുവെച്ചത് .
നിലവിലുള്ള സി.എഫ്.എൽ, സോഡിയം വേപ്പർ ലാമ്പുകൾ, ഫ്‌ളൂറസെന്റ് വിളക്കുകൾ എന്നിവയെല്ലാം മാറ്റുമെന്നായിരുന്നു കരാർ. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും തെരുവുകൾ പലതും ഇരുട്ടിലാണ്. 36000 വിളക്കുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. 57 കോടി രൂപയാണ് പദ്ധതി ചിലവ്. മാറ്രി സ്ഥാപിക്കുന്ന വിളക്കുകൾ കേടായാൽ 48 മണിക്കൂറിനുള്ളിൽ മാറ്റണമെന്ന നിബന്ധനയും കരാറിലുണ്ട്. പത്ത് വർഷത്തേക്കാണ് കിയോണിക്‌സുമായുളള ധാരണ. വൈദ്യുതി ചാർജ് അടച്ച് പരിപാലിക്കാനുളള ഉത്തരവാദിത്വവും കമ്പനിയ്ക്കാണ്. ഒഴിവാക്കുന്ന പഴയ വിളക്കുകൾ കിയോണിക്‌സ് ഏറ്റെടുക്കും. അതെസമയം 21000ത്തോളം തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാക്കിയെന്നാണ് കോർപ്പറേഷൻ അവകാശ വാദം. പദ്ധതി വൈകുന്നത് സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ സാങ്കേതിക പ്രശ്‌നമാണെന്നാണ് കോർപറേഷൻ വിശദീകരിച്ചത്. എന്നാൽ പദ്ധതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെന്നാണ് ആരോപണം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എൽ.ഇ.ഡി സ്ഥാപിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ലഭ്യമാകുന്നില്ലെന്നായിരുന്നു കമ്പനി അറിയിച്ചത്.
" മാറ്റി സ്ഥാപിച്ച പല എൽ.ഇ.ഡി ലൈറ്റുകളും കത്തുന്നില്ല. ഒരു കാറ്റടിക്കുമ്പോഴേക്കും കേടാകുന്നു. നിരവധി തവണ പരാതി ഉന്നയിച്ചെങ്കിലും കാര്യമായ നടപടി ഉണ്ടാകുന്നില്ല.
സി. അബ്ദുറഹിമാൻ ( പ്രതിപക്ഷ ഉപനേതാവ് )