കോഴിക്കോട്: അക്ഷരം പകർന്നവർ രക്ഷകരായി നാടിന്റെ അതിജീവന വഴിയിൽ. സംസ്ഥാനത്തെ 2000 ത്തോളം സാക്ഷരതാ പ്രേരക്മാരാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായത്. കൊവിഡ് കെയർ സെന്റർ , പഞ്ചായത്ത് ഹെൽപ്പ് ഡസ്‌ക്, കൊവിഡ് കൺട്രോൾ റൂം , ഓഫിസുകളിൽ വരുന്ന പൊതുജനങ്ങളുടെ ശരീരോഷ്മാവ് അളക്കൽ, കമ്മ്യൂണിറ്റി കിച്ചൺ, ഡാറ്റ എൻട്രി, ക്വാറന്റൈനിൽ കഴിയുന്നവർക്ക് മരുന്ന് വിതരണം, ശുചീകരണം, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങളിലാണ് പ്രേരക്മാരുടെ ഇടപെടൽ.

രാപകലില്ലാതെ കർമ്മനിരതരാണെങ്കിലും ഇവർക്ക് പറയാൻ പക്ഷെ, സങ്കടങ്ങളേറെയുണ്ട്. അവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങളോ സുരക്ഷയോ ഒരുക്കിയിട്ടില്ലെന്നതാണ് ഇവരുടെ പരാതി. സർജിക്കൽ മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീൽഡ് , ഹാൻഡ് വാഷ് എന്നിവ മിക്കയിടത്തും ലഭിക്കുന്നില്ല. ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓഫീസിലെത്തുന്നത്. എന്നാൽ പ്രേരക്മാർക്ക് കാലവും നേരവുമില്ല. രോഗികളുമായി നേരിട്ടും അല്ലാതെയും സമ്പർക്കമുണ്ടായതിനാൽ വിവിധ ജില്ലകളിൽ നിരവധി പ്രേരക്മാർ ക്വാറന്റൈനിൽ കഴിയുന്ന സ്ഥിതിയുമുണ്ട്. ജീവൻ കൊണ്ടുളള കളിയായിട്ടും കൊവിഡ് പ്രതിരോധത്തിൽ ജീവിതം സമർപ്പിച്ച പ്രേരക്മാർക്ക് ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന പരിരക്ഷയും ഇൻഷുറൻസും നൽകണമെന്നാണ് ഉയരുന്ന ആവശ്യം.

ആരോഗ്യ സുരക്ഷയും ഇൻഷുറൻസും ഏർപ്പെടുത്തണം. ജീവൻ പോലും പണയപ്പെടുത്തി നടത്തുന്ന പ്രവർത്തനത്തെ അംഗീകരിക്കുകയും അർഹമായ ആനുകൂല്യങ്ങൾ നൽകുകയും വേണം

ശശികുമാർ ചേളന്നൂർ ( ദേശീയ സാക്ഷരത പ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി)