കോഴിക്കോട്: ഫസ്റ്റ്ലൈൻ ചികിത്സ കേന്ദ്രം ഒരുക്കാൻ ജനങ്ങളിൽ നിന്നും സഹായം ഒഴുകുന്നു. സാധന സാമഗ്രികൾ ലഭ്യമാക്കാനുള്ള ജില്ലാ കളക്ടറുടെ അഭ്യർത്ഥനയുടെ ചുവട് പിടിച്ചാണ് ഇടപെടൽ. ആയിരം കിടക്കകളും തലയിണകളുമാണ് എൻ.ജി.ഒ യൂണിയൻ സംഭാവന നൽകിയത്. എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് 5000 ബെഡ്ഷീറ്റ് നൽകും. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ നൂറു കിടക്കകളും തലയിണകളും നൽകും. ടൗൺ പ്ലാനിംഗ് ഓഫീസ് ജീവനക്കാർ 60 കിടക്കയും തലയിണയും മൂന്ന് പി.പി.ഇ കിറ്റും 200 മാസ്‌കുകളും നൽകും. കോഫി ഹൗസ് യൂണിയൻ അംഗങ്ങൾ റഫ്രിജറേറ്റർ, കേരള ടെക്സ്റ്റയിൽസ് ഗാർമെന്റ്‌സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ 2500 തോർത്തും 2500 തലയിണ കവറുകളും നൽകും. വ്യാപാരി സംഘടനകൾ സ്റ്റേഷനറി സാധനങ്ങൾ നൽകും.

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിൽ 23നകം ആറായിരം കിടക്കകൾ സജ്ജീകരിക്കേണ്ടതുണ്ട്. കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പുതപ്പ്, തോർത്ത്, സ്റ്റീൽ പാത്രങ്ങൾ, ഇലക്ട്രിക് ഫാൻ, സ്പൂൺ, ജഗ്ഗ്, ബക്കറ്റ്, കപ്പ്, സോപ്പ്, ഹാൻഡ് സാനിറ്റൈസർ, കുടിവെള്ളം, സാനിറ്ററി നാപ്കിൻ, ഡയപ്പർ, പി.പി.ഇ കിറ്റ്, സർജിക്കൽ മാസ്‌ക്, കസേര, ബെഞ്ച്, റഫ്രിജറേറ്റർ, ഫയർ എക്സ്റ്റിംഗുഷർ, മെഴുകുതിരി, എമർജൻസി ലാമ്പ് തുടങ്ങിയവ ആവശ്യമുണ്ട്. സംഭാവന ചെയ്യാൻ താത്പര്യമുള്ളവർ കളക്ടറേറ്റിന് പിന്നിലെ എൻജിനീയേഴ്‌സ് ഹാളിൽ എത്തണം. ഫോൺ: 97451 21244.