കോഴിക്കോട്: മൂന്ന് വർഷത്തെ പരിശ്രമത്തിന് ഫലം കണ്ടു, വടകര മുനിസിപ്പാലിറ്റി സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത ശുചിത്വ പദവിയിലേക്ക്. ആഗസ്റ്റ് ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനംനടത്തും. 2017 ജൂലായ് മാസത്തിലാണ് വടകര മുനിസിപ്പാലിറ്റി മാലിന്യമുക്തമാക്കാൻ ക്ലീൻ സിറ്റി -ഗ്രീൻ സിറ്റി- സീറോ വേസ്റ്റ് പദ്ധതിക്ക് രൂപം നൽകിയത്. മാലിന്യനിർമ്മാർജന മേഖലയിലും ജല സംരക്ഷണ മേഖലയിലും മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഹരിത കേരള അവാർഡ് ഉൾപ്പെടെ 10 അവാർഡുകൾ വടകര നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്.
ക്ലസ്റ്ററുകളാക്കി മാലിന്യശേഖരണം
47 വാർഡുകളിൽ 63 ഹരിതകർമ്മ സേനാംഗങ്ങളാണ് വീടുകളിൽ നിന്നും കടകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്. നഗരസഭാ പരിധിയിൽ 18,000 വീടുകളും 7000 കടകളുമാണ് ഉളളത്. ഓരോ വാർഡിലെയും വീടുകളെ 50 വീതമുള്ള ക്ലസ്റ്ററുകളാക്കി . ഓരോന്നിനും ഒരു സന്നദ്ധ പ്രവർത്തകനെ ലീഡറാക്കി. കൗൺസിലറെ സഹായിക്കാൻ വാർഡിൽ ഒരു ഗ്രീൻ വാർഡ് ലീഡറെയും തിരഞ്ഞെടുത്തു. അജൈവ മാലിന്യ ശേഖരണത്തിന് ഓരോ ക്ലസ്റ്റർ തലങ്ങളിൽ ശേഖരണ കേന്ദ്രങ്ങളും വാർഡ് തലങ്ങളിൽ മിനി എം.സി. എഫും മുനിസിപ്പൽ തലത്തിൽ മാലിന്യങ്ങൾ തരംതിരിക്കുന്നതിന് എം.ആർ.എഫും ഉണ്ടായി.
വലിച്ചെറിയാതിരിക്കാൻ പുതുവഴി
ഹരിതകർമ്മ സേന അംഗങ്ങളിൽ നിന്ന് അഞ്ച് പേർ വീതമുള്ള അഞ്ച് ഗ്രൂപ്പുകളാക്കി പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന ഗ്രീൻ ഷോപ്പ്, ഇലക്ട്രോണിക് വേസ്റ്റുകൾ റിപ്പയർ ചെയ്യുന്ന റിപ്പയർ ഷോപ്പ്, ഉപയോഗിച്ചു കഴിഞ്ഞ വസ്ത്രങ്ങളും മറ്റു ഉൽപ്പന്നങ്ങളും കൈമാറ്റം ചെയ്യുന്ന സ്വാപ്പ് ഷോപ്പ്, ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് ഡിസ്‌പോസിബിൾ പാത്രങ്ങൾക്ക് ബദലായുള്ള പ്ലേറ്റ്, ഗ്ലാസ് എന്നിവ നൽകുന്ന റെന്റ് ഷോപ്പ്, കൃഷി ചെയ്തുകൊടുക്കുന്ന ഗ്രീൻ ആർമി എന്നിവ സജ്ജമാക്കി.
മാലിന്യ സംസ്ക്കരണത്തിന്
തുമ്പൂർമുഴി മോഡൽ
82 ശതമാനം വീടുകളിൽ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്ന സംവിധാനങ്ങൾ ഒരുക്കി. ബാക്കിയുള്ളവർക്ക് ഈ വർഷം നൽകാനും പദ്ധതി തയ്യാറാക്കി. പൊതുഇടങ്ങളിൽ ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം ഒരുക്കി. പുതിയ ബസ്‌സ്റ്റാൻഡ് പരിസരം, പഴയ ബസ്‌സ്റ്റാൻഡ് കുലച്ചന്ത, മുനിസിപ്പൽ ഓഫീസ് പരിസരം, ടൗൺഹാൾ പരിസരം, പൊലീസ് സ്റ്റേഷൻ, ജെ.ടി.എസ് എന്നിവിടങ്ങളിൽ തുമ്പൂർമുഴി മോഡൽ കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം സ്ഥാപിച്ചു. എല്ലാ വിദ്യാലയങ്ങളിലും കമ്പോസ്റ്റ് പിറ്റ്, ബിന്നുകൾ സ്ഥാപിച്ചു.
ഗ്രീൻ ഓഡിറ്റിംഗും സോഷ്യൽ ഓഡിറ്റിംഗും
സർക്കാർ -അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻ ഓഡിറ്റിംഗ്, പൊതുജനങ്ങൾക്കിടയിൽ സോഷ്യൽ ഓഡിറ്റിംഗ് എന്നിവ നടത്തി.