കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദിന് സിനിമാ മേഖലയിലുള്ള ബന്ധത്തെപ്പറ്റി അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ
സെക്രട്ടറി എം.ടി.രമേശ് ആവശ്യപ്പെട്ടു. പുതുതലമുറ സംവിധായകരുമായും പഴയ തലമുറയിലെ പ്രമുഖ സംവിധയാകനുമായും ഫരീദിന് അടുത്ത ബന്ധമുണ്ട്. ഇതേപ്പറ്റി 'അമ്മ' അടക്കമുള്ള സിനിമാസംഘടനകൾ നിലപാട് വ്യക്തമാക്കണം.
ചില സംവിധായകർ ഫരീദിന്റെ ബിനാമികളാണെന്ന ആക്ഷേപവുമുണ്ട്. സമീപകാലത്ത് ഇറങ്ങിയ ഇടതുപക്ഷത്തെ പ്രകീർത്തിക്കുന്ന സിനിമകൾ, സംസ്ഥാനത്തെ ഒരു മന്ത്രിയെ പുകഴ്‌ത്തിയ സിനിമ എന്നിവയൊക്കെ സ്വർണക്കടത്ത് പണം ഉപയോഗിച്ച് നിർമ്മിച്ചവയാണെന്ന് ആക്ഷേപമുണ്ട്. സിനിമ ദമ്പതികളുടെ ഫോർട്ട് കൊച്ചിയിലെ സ്ഥാപനത്തിൽ ഫൈസൽ ഫരീദ് സന്ദർശകനായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.
സിനിമാ മേഖലയിലുള്ളവർ പങ്കെടുത്ത സി.എ.എ വിരുദ്ധസമരത്തിന് പണം മുടക്കിയതും ഫൈസൽ ഫരീദാണ്. സമരത്തിന് ശേഷം നടന്ന പാർട്ടിയെപ്പറ്റിയും അന്വേഷണം നടത്തണം. കള്ളപ്പണം വെളുപ്പിക്കാനുള്ള താവളമായി മലയാള സിനിമാ മേഖലയെ മാറ്റാനുള്ള ശ്രമത്തിനെതിരെ മുതിർന്ന സിനിമാ പ്രവർത്തകർ പ്രതികരിക്കണം.
യു.എ.ഇ കോൺസൽ ജനറലിന് ഗൺമാനായി ജയഘോഷിനെ തന്നെ വേണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടോയെന്ന് ഡി ജി പി വ്യക്തമാക്കണം. ഇത് സംബന്ധിച്ച എല്ലാ കത്തിടപാടുകളും പുറത്തുവിടണം. നയതന്ത്രനിയമങ്ങൾ ലംഘിച്ച ഡി.ജി.പി യെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും രമേശ് ആവശ്യപ്പെട്ടു.