കൽപ്പറ്റ: മാനന്തവാടി-കുട്ട-ഗോണികുപ്പ റോഡ് സംബന്ധിച്ച് അനാവശ്യ വിവാദമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം അപലപനീയമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. ഒരു റോഡിന്റെ കാര്യത്തിൽ ജില്ലയിലെ ജനങ്ങളെ രണ്ടായി വിഭാജിക്കാൻ ശ്രമം നടക്കുകയാണ്.

എൻ.എച്ച് 766 അടയ്ക്കുന്നതിനെതിരെ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ജനങ്ങൾ ഒന്നിച്ച് നടത്തിയ പ്രവർത്തനത്തിന് തുരങ്കം വെച്ച് യു.ഡി.എഫ് സമരസമതിയിൽ നിന്നു പിന്മാറി. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ചെയർമാൻ സ്ഥാനം രാജിവെച്ചു.

ഇപ്പോൾ മാനന്തവാടി കുട്ട ഗോണികുപ്പ റോഡ് സംബന്ധിച്ച ചർച്ച വന്നപ്പോൾ അതിനെ രാഷ്ട്രീയവൽക്കരിച്ച് മുതലെടുക്കാനുള്ള ശ്രമം സങ്കുചിത താൽപര്യമാണ്.

എൻ.എച്ച് 766 അടയ്ക്കുന്നതിന് എതിരാണെങ്കിലും മറ്റൊരു റോഡും വരാൻ പാടില്ല എന്ന നിലപാടെടുക്കാൻ കഴിയില്ല. എൻ.എച്ച് 766 ന് ബദലായി മറ്റൊന്ന് എന്ന നിലപാടല്ല, പുതിയ റോഡിന്റെ നിർദ്ദേശത്തേയും സ്വാഗതം ചെയുകയാണെന്ന് സി.പി.എം വ്യക്തമാക്കി.
യു.ഡി.എഫിന് മാനന്തവാടിയിൽ ഒരു നിലപാടും ബത്തേരിയിൽ മറ്റൊരു നിലപാടുമാണ്.
രാഹുൽഗാന്ധി എം.പിയുടെ എന്ത് കാര്യമാണ് ഈ കാര്യത്തിൽ ചെയ്യുന്നതെന്ന് വ്യക്തമാക്കണം. കേന്ദ്ര സർക്കാർ ശരിയായ നിലപാട് സ്വീകരിച്ചാൽ തീരുന്ന ഒരു പ്രശ്നത്തിന്റെ പേരിൽ ജനങ്ങളെ തമ്മിൽ തല്ലിക്കാൻ നടത്തുന്ന ശ്രമങ്ങളെ എതിർക്കുന്നു.
രാത്രികാല നിരോധനം പിൻവലിച്ച് പൂർണ്ണമായ സഞ്ചാര സ്വാതന്ത്യമുള്ള റോഡാക്കി മാറ്റണമെന്നും മലപ്പുറം-മാനന്തവാടി കുട്ട റോഡ് വികസിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതുമാണ് സി.പി.എം) നിലാപടെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.