kaliyan
കലിയനോടുള്ള അപേക്ഷയുമായി...

വടകര: കലിയാ.... കലിയാ.... ചക്കയും മാങ്ങയും പൊന്നും വിളക്കും ഇങ്ങ് കൊണ്ടു തന്നേക്കണേ..... കൂയ്. വടക്കൻ കേരളത്തിൽ കാലങ്ങളായി നടന്നുവരുന്ന ഒരാചാരമായിരുന്നു മിഥുന സംക്രമ സന്ധ്യാ നേരത്തെ കലിയനെ വിളിക്കൽ ചടങ്ങ്. എന്നാൽ കൊവിഡ് കാലത്ത് കലിയനോടുളള ആവശ്യവും മാറി. കലിയാ.. കലിയാ.. ചക്കയും മാങ്ങയും പൊന്നും വിളക്കും ഒന്നും വേണ്ടായോ കൊറോണ ഒന്ന് ഒഴിവാക്കി തരുവോ.... ചൈനയുടെ കൊറോണ ഒന്ന് ഒഴിവാക്കി തരുവോ കൂ ......യ് എന്നാണ് വിശ്വാസികൾ വിളിച്ചു പറഞ്ഞത്. പരേതാത്മാക്കളെ ഓർമ്മിക്കുന്ന മാസം മാത്രമല്ല കർക്കടകം. ശരീരം ഇളമപ്പെടുന്ന മാസമെന്ന നിലയിൽ ശരീര സംരക്ഷണത്തിന് പോഷക ധാന്യങ്ങൾ ചേർത്ത് കഞ്ഞിവയ്പ്പും, ആയുർവേദ മരുന്നു കൂട്ടുകൾ ചേർത്ത് പൊടിയിടിയും കായിക ക്ഷമത വർദ്ധിപ്പിക്കാനായി അയോധന കലയോടു ചേർന്ന തൈലം പൂശിയുളള ഉഴിച്ചലും നടത്താറുള്ളത് കർക്കടക മാസത്തിലാണ്. ഈ കളള കർക്കടകത്തിനെ വരവേൽക്കാനെന്നോണമാണ് കലിയനെ വിളിക്കൽ നടന്നിരുന്നത്. വീട് അടിച്ചുവാരി ശുചീകരിച്ച ശേഷം മധുരം ഉണ്ടാക്കി സന്ധ്യാ നേരത്ത് കത്തിച്ച നിലവിളക്ക്, നാക്കില, വാഴപ്പോളളയിൽ ഈർക്കിൾ കുത്തി ഉണ്ടാക്കിയ കോണി, പലഹാരം, കുറച്ച് ചരൽ കല്ലുകളും ആളെണ്ണം ചൂട്ടുകളും മുറത്തിൽ വച്ച് എല്ലാവരും ചേർന്ന് മൂന്നു പ്രാവശ്യം വീടുചുറ്റിയശേഷം പറമ്പിലെ പ്ലാവിന് ചുവട്ടിലെത്തി നിലവിളക്ക് വച്ചശേഷം മുറത്തിൽ കരുതിയ കോണി പ്ലാവിൽ ചാരി ഇല വച്ച് മധുരവും വിളമ്പി ചൂട്ടുകത്തിച്ച് പറമ്പ് നിറഞ്ഞ് ഓടുകയാണ് ചടങ്ങ്. വെറുതെ ഓടുകയല്ല, വരും വർഷത്തെ അഭിവൃദ്ധിക്കായി കലിയനോട് ഉച്ചത്തിൽ വിളിച്ചു കൂവി കൊണ്ടായിരിക്കും തലങ്ങും വിലങ്ങുമുള്ള ഓട്ടം. എന്നാൽ കൊവിഡിൽ നാട് വിറച്ചതോടെ കലിയനോടുളള ആവശ്യപ്പെടൽ സങ്കടം പറച്ചിലായി.അതും നാടുനീളെയില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം.