വടകര: ഉറവിടമറിയാത്ത കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഴിയൂരിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് അറിയാൻ ഹാർബറിലെ 200 തൊഴിലാളികളിൽ നടത്തിയ ആന്റിജൻ ടെസ്റ്റിൽ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നടത്തിയ 100 പേരുടെ ഫലവും നെഗറ്റീവായിരുന്നു. ബംഗളൂരുവിൽ നിന്ന് വന്ന കല്ലമല സ്വദേശിയായ 23 കാരന് പോസിറ്റീവ് ആണെങ്കിലും വീട്ടിൽ നിരീക്ഷണത്തിലായതിനാൽ ആരുമായും സമ്പർക്കമില്ല. അഴിയൂർ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൽ നസീറിന്റെ നേതൃത്വത്തിലായിരുന്നു ഹാർബറിലെ കൊവിഡ് പരിശോധന. പഞ്ചായത്ത്‌ പ്രസിഡന്റ് വി. പി. ജയൻ, വാർഡ് മെമ്പർ കെ. ലീല, ഹെൽത്ത് ഇൻസ്‌പെക്ടർ വി. കെ .ഉഷ, അദ്ധ്യാപകരായ ആർ. പി. റിയാസ്, വി .പി .രാഹുൽ ശിവ, സജേഷ് കുമാർ, കെ .പി. പ്രീജിത്ത് കുമാർ, ജെ പി.എച്ച്.എൻ മഞ്ജു, വാർഡ് ആർ.ആർ.ടി അംഗങ്ങൾ, ചോമ്പാൽ പൊലീസ് ,ഹാർബർ വികസന സമിതി അംഗങ്ങൾ, അംഗൻവാടി ടീച്ചർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പരിശോധന കേന്ദ്രത്തിൽ ഉണ്ടായിരുന്നു. നേരത്തെ ഗൂഗിൾ ഫോമിൽ ടെസ്റ്റ് ചെയ്യുന്നവരുടെ രജിസ്ട്രേഷൻ നടത്തിയിരുന്നു. കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ ബന്ധുക്കളായ 6 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. സമ്പർക്ക സാധ്യത ഇല്ലാത്തതിനാൽ അഴിയൂർ ഗ്രാമപഞ്ചായത്തിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയനും സെക്രട്ടറി ടി.ഷാഹുൽ ഹമീദും ജില്ലാ കളക്ടറുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു.