പഞ്ചായത്ത് മെമ്പർക്ക് കൊവിഡ്
പുൽപ്പള്ളി: ഉറവിടമറിയാതെ പുൽപ്പള്ളിയിൽ വീണ്ടും കൊവിഡ് ബാധ. ഇതോടെ ഈ മേഖലയിലെ ആളുകൾ വീണ്ടും ആശങ്കയിലായി.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർക്ക് കൊവിഡ് ബാധിച്ച വിവരം തിങ്കളാഴ്ച പരിശോധനാ ഫലം വന്നപ്പോഴാണ് അറിഞ്ഞത്. പഞ്ചായത്ത് മെമ്പറുടെ സമ്പർക്കപട്ടികയിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ട്. പുൽപ്പള്ളിയിലെ ബാങ്ക് മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ സമ്പർക്ക പട്ടികയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനുമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. അതിന്റെ ഫലമാണ് ഇന്നലെ വന്നത്. പൊതു പ്രവർത്തകനായ പഞ്ചായത്ത് മെമ്പർക്ക് എവിടെനിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ ആഴ്ച പഞ്ചായത്ത് മെമ്പർ കോഴിക്കോട് പോയിരുന്നു.
അതേസമയം ബാങ്ക് മാനേജറുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവർ ക്വാറന്റീനിൽ കഴിയുകയാണ്. ബാങ്ക് ജീവനക്കാരടക്കം ഇതിൽ ഉണ്ട്.
മാനേജർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് പുൽപ്പള്ളി കണ്ടൈൻമെന്റ് സോണിലാണ്. വീണ്ടും പുതിയ കേസ് ഉണ്ടായതോടെ കണ്ടൈൻമെന്റ് സോണായി പുൽപ്പള്ളി തുടരുമെന്നാണ് സൂചന.
മെമ്പറുമായി ബന്ധപ്പെട്ടവരുടെ സമ്പർക്കപട്ടിക ആരോഗ്യവകുപ്പ തയ്യാറാക്കുന്നുണ്ട്. മെമ്പർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് പഞ്ചായത്ത് ഓഫീസ് ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം നൽകി. പഞ്ചായത്ത് ജീവനക്കാർ, മെമ്പർമാർ എന്നിവരിൽ ചിലരുടെ കൂടി പരിശോധനാഫലം ലഭിക്കാനുണ്ട്.