മുക്കം: നഗരസഭ പരിധിയിൽ അഞ്ച് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ മുക്കം നഗരസഭ നടപടി കടുപ്പിക്കുന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച അഞ്ച് പേരും വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി ക്വാറന്റെെനിൽ കഴിഞ്ഞവരായതിനാൽ സമ്പർക്കത്തിലൂടെ രോഗവ്യാപന സാദ്ധ്യതയില്ലെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. എന്നാൽ കുടുംബാംഗങ്ങളോട് ക്വാറന്റെെനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനും തീരുമാനിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ വീടുകൾക്ക് സമീപത്തെ മത്സ്യ-പലചരക്ക വ്യാപാരികളെയും പരിശോധിക്കും. കൊവിഡ് ചട്ടം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി കർശനമാക്കും. ക്വാറന്റൈനിൽ കഴിയുന്നവരുടെ വിവര ശേഖരണത്തിനായി കൺട്രോൾ റൂം ആരംഭിക്കും. ഇതിനായി അദ്ധ്യാപകരെ നിയോഗിക്കും. നഗരസഭ ഓഫീസിൽ നടന്ന യോഗത്തിൽ ചെയർമാൻ വി.കുഞ്ഞൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ,സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ പങ്കെടുത്തു.