സുൽത്താൻ ബത്തേരി: കൊവിഡ് വ്യാപനത്തെ തുടർന്ന്‌ ക്ഷേത്രങ്ങളിലും ബലിതർപ്പണകേന്ദ്രങ്ങളിലും ബലിയിടുന്നത് ഒഴിവാക്കിയതോടെ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കുവേണ്ടി സ്വന്തം ഭവനങ്ങളിൽ തന്നെ ആളുകൾ ബലിതർപ്പണം നടത്തി. മരിച്ച പ്രിയപ്പെട്ടവർക്ക് വേണ്ടിക്ഷേത്രങ്ങളിൽ നമസ്‌ക്കാരം കഴിച്ചവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതോടെ ഓൺ ലൈനിലൂടെയും ഫോൺ മുഖേനയും വാട്സ്ആപ്പിലൂടെയും സന്ദേശമയച്ചും വിളിച്ചറിയിച്ചുമാണ് ഭക്തർ ക്ഷേത്രങ്ങളിൽ നമസ്‌ക്കാരം നടത്തിയത്.
പിതൃതർപ്പണം നടത്തിവന്ന ക്ഷേത്രങ്ങളിൽ ഇന്നലെ പ്രത്യേക പിതൃപൂജ നടത്തുകയുണ്ടായി. ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണം നടത്തി വന്നിരുന്ന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ആളുകൾ വരുന്നത് തടയുന്നതിനായി വേലികെട്ടി തിരിക്കുകയും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ക്ഷേത്രങ്ങളിൽ ചടങ്ങുകൾ നടത്തുകയില്ലെന്ന് അറിഞ്ഞതോടെ ബലിയിടുന്നവർ സ്വന്തം വീടുകളിൽ ബലിയിടുന്നതിന്‌ വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു.
പത്രങ്ങളിലൂടെയും ടിവി ചാനലുകളിലൂടെയും ഓൺ ലൈനിലൂടെയും ബലിതർപ്പണം നടത്തിവന്നിരുന്ന കേന്ദ്രങ്ങളിലെ കർമ്മികളിൽ നിന്നും മന്ത്രങ്ങൾ സ്വായത്തമാക്കിയാണ് മിക്കവരും ബലിതർപ്പണം നടത്തിയത്.


ഫോട്ടോ
ആയിരങ്ങൾ ബലി തർപ്പണം നടത്തുന്ന പൊൻകുഴിക്ഷേത്രത്തിലെ ബലിതർപ്പണ സ്ഥലവും സ്നാന ഘട്ടവുംക്ഷേത്ര സമിതി കൊവിഡ് നിബന്ധന പാലിച്ചുകൊണ്ട് ഭക്തർ പ്രവേശിക്കാതിരുക്കുന്നതിനായിവേലികെട്ടി അടച്ചിരിക്കുന്നു.


കേസ് ദുർബലപ്പടുത്തുമെന്ന് യുവജന കൂട്ടായ്മ
സുൽത്താൻ ബത്തേരി: കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ദേശീയപാത പ്രഖ്യാപിച്ചതിലൂടെ പ്രദേശത്തുണ്ടായ ആശങ്ക പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് യുവജന കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസ് അന്തിമഘട്ടത്തിലെത്തിനിൽക്കെ പുതിയ ദേശീയപാത പ്രഖ്യാപനം കേസിന്റെ വിധിയെ സ്വാധീനിക്കും.
ദേശീയപാത 766-ന് ബദലായി നിർദ്ദേശിക്കപ്പെട്ടിരുന്ന കുട്ട-ഗോണിക്കുപ്പ റോഡ് ഉൾപ്പെടുത്തിയുള്ള ദേശീയപാത പ്രഖ്യാപനം ബത്തേരിമേഖലയിലുള്ളവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളുടെ സംശയം ദുരീകരിക്കണം. വയനാട് എം.പി. ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തണം.
എൻ.എച്ച്.766 എന്നെന്നേക്കുമായി അടച്ചുപൂട്ടാനുള്ള നീക്കമാണ് പുതിയ പാതയ്ക്ക് പിന്നിലെങ്കിൽ യുവജന കൂട്ടായ്മ വീണ്ടും സമരരംഗത്തിറങ്ങാൻ മടിക്കില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. കൺവീനർ റ്റിജി ചെറുതോട്ടിൽ, എം.എസ്.ഫെബിൻ, ഷംസാദ് മരക്കാർ, സി.കെ.ഹാരീസ്, സഫീർ പഴേരി, അഡ്വ.കെ.ജി.സുധീഷ്, പി.സംഷാദ്, അഡ്വ.ആർ രാജേഷ്‌കുമാർ, കെ.എൻ.സജീവ്, സമദ് കണ്ണിയൻ, ലിജോജോണി, ഉനൈസ്, ആരിഫ് തണലോട്ട്, എ.പി.പ്രേഷിന്ത്, സലീം, നൗഷാദ് എന്നിവർ സംസാരിച്ചു.