മുക്കം: തൊഴിലാളികളുടെ കൂലി തർക്കത്തിന് നഗരസഭയുടെ ഇടപെടലിലൂടെ പരിഹാരം. അന്യ സംസ്ഥാന തൊഴിലാളികൾ അധികവും നാട്ടിലേയ്ക്ക് മടങ്ങിയതോടെ ശേഷിക്കുന്ന തൊഴിലാളികളാണ് കൂടുതൽ കൂലി ചോദിച്ചു തുടങ്ങിയത്. ജോലി സമയം രണ്ടു മണി വരെയാക്കി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. കൂലി തർക്കത്തിൽ ലൈഫ് ഭവന പദ്ധതിയുൾപ്പെടെ മുടങ്ങിയതോടെയാണ് മുക്കം നഗരസഭ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് അവിദഗ്ദ തൊഴിലാളികളുടെ കൂലി ഏകീകരിച്ചത്. എട്ട് മണിക്കൂർ ജോലിക്ക് (കോൺക്രീറ്റ് ജോലി അടക്കം) 750 രൂപയാണ് കൂലി. മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ മുക്കം പൊലീസ് സബ് ഇൻസ്പെക്ടർ, തൊഴിലാളി സംഘടന പ്രതിനിധികൾ, ലേബർ സപ്ലയർമാർ എന്നിവരുടെ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ ചെയർമാൻ വി.കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ കെ ഷാജിദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ചന്ദ്രൻ മാസ്റ്റർ , വി. ശിവശങ്കരൻ, മുക്കം വിജയൻ, പി.ടി. ബാബു, അബ്ദുള്ള കുമാരനെല്ലൂർ, കെ .ഷാജികുമാർ, എൻ.കെ. രഘുപ്രസാദ്, പി.പി.പ്രദീപ്കുമാർ,എം.ഗംഗാധരൻ, കുട്ടിയാമ്മു, എം.സി സുകുമാരൻ, പ്രഭാകരൻ മുക്കം എന്നിവർ പ്രസംഗിച്ചു.