പേരാമ്പ്ര: സ്വകാര്യ ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പാലേരി സ്വദേശിനിക്ക് സർക്കാർ ലാബിലെ പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവ്. മാർച്ച് പകുതിയോടെ വിദേശത്ത് നിന്നെത്തിയ യുവതി തിരിച്ച് പോകുന്നതിനായി കോഴിക്കോട്ടെ സ്വകാര്യ ലാബിൽ നടത്തിയ കൊവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ പാലേരിയിലും പരിസര പ്രദേശങ്ങളിലും ആശങ്ക പരന്നു. നിരവധി ആളുകൾ യുവതിയുടെ കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നു. പതിനെട്ടാം തീയതി വിദേശത്തേക്ക് പോകേണ്ട യുവതിയുടെ യാത്രയും മുടങ്ങി. സ്വകാര്യ ലാബിലെ പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവതിയും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് മുൻകരുതൽ നടപടി സ്വീകരിക്കുകയും ചെയ്തു. നേരിട്ട് സമ്പർക്കമുണ്ടായ പാലേരിയിലെയും പേരാമ്പ്രയിലെയും സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പ് അടപ്പിച്ചിരുന്നു. യുവതിയുടെ വാർഡിൽ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി വരുന്നതിനിടെയാണ് സർക്കാർ ലാബിലെ സ്രവ പരിശോധന ഫലം നെഗറ്റീവാണെന്ന റിപ്പോർട്ട് വന്നിരിക്കുന്നത്.