മുക്കം: ഹോട്ടൽ ജോലിക്കാരിയായ 65 കാരിയെ ഓട്ടോറിക്ഷ യാത്രയ്ക്കിടെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡനത്തിനിരയാക്കിയ ശേഷം പണവും ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതിയുമായുള്ള തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക്.
രണ്ടാഴ്ചത്തെ അന്വേഷണത്തിനൊടുവിൽ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുക്കം ഇൻസ്പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. താമരശേരി കോടതി ഇയാളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
പ്രതി ഓടിച്ച ഓട്ടോറിക്ഷയും കവർന്ന മൊബൈൽ ഫോണും കഴിഞ്ഞ ദിവസം കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്നരയോടെ മുത്തേരിയിൽ എത്തിച്ച പ്രതിയെ വട്ടോളിപറമ്പ് റോഡിലും ഓമശ്ശേരി റോഡിലും കൊണ്ടുപോയി. വട്ടോളി പറമ്പ് റോഡിലൂടെയാണ് അന്ന് പ്രതി ഓട്ടോറിക്ഷയിൽ മുത്തേരിയിൽ എത്തിയത്. 200 മീറ്ററോളം യാത്ര ചെയ്തപ്പോൾ വാഹനം കേടായെന്ന് പറഞ്ഞ് ഓട്ടോറിക്ഷയുടെ പിന്നിലേക്ക് മാറി യാത്രക്കാരിയെ കഴുത്ത് ഞെരിച്ച് ബോധരഹിതയാക്കിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
തെളിവെടുപ്പിനിടെ താൻ തെറ്റൊന്നും ചെയ്തില്ലെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു ഇയാൾ. ദൃശ്യം ചിത്രീകരിക്കുകയായിരുന്ന മാദ്ധ്യമപ്രവർത്തകരെ തെറി വിളിക്കുന്നുമുണ്ടായിരുന്നു. പ്രതിയെ തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ മിണ്ടാതായി. മുത്തേരിയിലെ തെളിവെടുപ്പ് കഴിഞ്ഞ് നീലേശ്വരത്തെ ഒരു വീട്ടിലെത്തിച്ചു. തെളിവെടുപ്പ് നടത്തിയത്. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന സഹോദരങ്ങളെ ഏതാനും ദിവസം മുമ്പ് പൊലീസ് കഞ്ചാവുസഹിതം പിടികൂടിയിരുന്നു.
മുത്തേരിയിലും നീലേശ്വരത്തും തെളിവെടുപ്പ് നടത്തിയ ശേഷം കോഴിക്കോട് ചേവരമ്പലത്തും എത്തിച്ചു. മുക്കം എസ്.ഐ കെ.ഷാജിദ്, അഡീ.എസ് ഐ വി.കെ റസാഖ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീഖ് നീലിയാനിക്കൽ, സിൻജിത്ത്, സിനീഷ്, സുരേഷ്, അരുൺ ഏകരൂൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.