നാദാപുരം: നാദാപുരത്ത് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൂണേരി, നാദാപുരം പഞ്ചായത്തുകളിൽ 101 പേർക്ക് ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 8 പേരുടെ ഫലം പോസിറ്റീവായത്. 6 പേർ തൂണേരിയിലും രണ്ടു പേർ നാദാപുരം ഗ്രാമ പഞ്ചായത്തിലുമാണ്. പോസിറ്റീവായവരിൽ എട്ടു മാസം ഗർഭിണിയായ സ്ത്രീയുമുണ്ട്. വളയത്തും വാണിമേലിലും സമ്പർക്ക വ്യാപനം കണ്ടെത്തി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വളയത്തെ യുവാവുമായി സമ്പർക്കമുണ്ടായ വളയം പി.എച്ച്.സിയിലെ രണ്ട് ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം വാണിമേലിലെ പോസിറ്റീവായ വ്യക്തി വളയം പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതിനാൽ എസ്.ഐ അടക്കം അഞ്ച് പൊലീസുകാർക്ക് ആന്റിജൻ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആണ്. വളയം ഗ്രാമപഞ്ചായത്തിൽ നാല് വാർഡുകളിലെ നൂറോളം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.