fish
വാളകൃഷി

കോഴിക്കോട്: ഈ കൃഷിയ്ക്ക് നിലമെന്നു പറയാൻ രണ്ടു സെന്റ് ധാരാളം. നന്നായി ശ്രദ്ധിച്ച് നോക്കിയാൽ രണ്ടു സെന്റിലെ കുളത്തിൽ വാള മീനുകൾ പുളച്ച് പിടക്കും.

നഗരമെന്നോ, നാട്ടിൻപുറമെന്നോ ഭേദമില്ലാതെ സ്വയംസംരംഭകരായി മത്സ്യകൃഷിയിലേക്ക് ഇറങ്ങുന്നവർ ഗണ്യമായി കൂടിവരികയാണ്. ഇതിൽ നല്ലൊരു പങ്കും യുവാക്കൾ തന്നെ. താരതമ്യേന കുറഞ്ഞ ചെലവ് എന്നതു മാത്രമല്ല ആകർഷണീയഘടകം. വിളവെടുപ്പിന് ഏറെ കാത്തിരിപ്പ് വേണ്ടെന്ന മെച്ചം കൂടിയുണ്ട്.

സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണ് മത്സ്യകൃഷിയ്ക്ക് നല്ലകാലം തുടങ്ങുന്നത്. ഫിഷറീസ് ഓഫീസുകളിലും ഓൺലെെൻ സെെറ്റിലും അപേക്ഷകരുടെ തള്ളിച്ചയാണ്. മൂന്നു പദ്ധതികളാണുള്ളത്. മൂന്നിനുമുണ്ട് നാല്പത് ശതമാനം സബ്സിഡി. ആവശ്യക്കാരുടെ എണ്ണം കൂടിവരുമ്പോൾ അതിനുമാത്രം ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾക്കില്ലെന്ന പ്രശ്നമാണിപ്പോൾ. അതുകൊണ്ടു തന്നെ കുറച്ച് യൂണിറ്റുകൾ മാത്രം കൈത്താങ്ങാവാനേ പഞ്ചായത്തുകൾക്ക് കഴിയുന്നുള്ളൂ.

വീട്ടുവളപ്പിലെ അസം വാളകൃഷിയ്ക്കു പുറമെ കരിമീൻ കൃഷി, ബയോ ഫ്ലോക് കൃഷി എന്നീ രണ്ടു പദ്ധതികളാണുള്ളത്. 40 ശതമാനം സബ്സിഡി ലഭ്യമാക്കുന്നത് തദ്ദേശ സ്ഥാപനവും ഫിഷറീസ് വകുപ്പും കൂടി ചേർന്നാണ്. അപേക്ഷകരുടെ സ്ഥലസൗകര്യം പരിശോധിച്ച് സാദ്ധ്യതകൾ വിലയിരുത്തിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. പൊതുവിഭാഗക്കാർക്ക് 49,200 രൂപ വരെ സബ്സിഡി (40 ശതമാനം) ലഭിക്കുമ്പോൾ പട്ടികജാതി വിഭാഗക്കാർക്ക് 92,250 രൂപയും (75 ശതമാനം) സബ്സിഡിയായി ലഭിക്കും. പട്ടികവർഗ വിഭാഗക്കാർക്ക് മുഴുവൻ തുകയും സബ്‌സിഡിയാണ്.

കോഴിക്കോടിന് അനുവദിച്ചത് 1000 യൂണിറ്റുകൾ

 ഇതുവരെ അനുവദിച്ചത് 738 യൂണിറ്റുകൾ

 അസം വാളകൃഷി 585 യൂണിറ്റുകൾ

 ബയോ ഫ്ലോക് കൃഷി 128 യൂണിറ്റുകൾ

 കുളങ്ങളിലെ കരിമീൻ കൃഷി 25 യൂണിറ്റുകൾ

76 പഞ്ചായത്തുകളിൽ

56 ലും യൂണിറ്റുകൾ

സംസ്ഥാനത്തെ 1034 പഞ്ചായത്തുകളിൽ 688 എണ്ണവും മത്സ്യ കൃഷിയ്ക്കായി ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. ജില്ലയിൽ ആകെ 76 പഞ്ചായത്തുകളുള്ളതിൽ 56 ലും യൂണിറ്റുകളായി. സുഭിക്ഷ പദ്ധതിയിൽ പരിഗണിക്കാൻ കഴിയാതെ വരുന്നവരെ ജനകീയ മത്സ്യകൃഷിയിൽ ഉൾപ്പെടുത്തും. സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം പദ്ധതിയ്ക്കായി മൊത്തം 38,601കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇതിൽ മത്സ്യകൃഷിയ്ക്ക് നീക്കിവെച്ചത് 2,078 കോടി രൂപയാണ്.

 അസം വാളകൃഷി

ഏറ്റവും ചെലവ് കുറഞ്ഞ കൃഷി രീതി. രണ്ടു സെന്റ് വിസ്തീർണം വരുന്ന കുളത്തിലെ കൃഷിയ്ക്ക് ചെലവ് 1,23,000 രൂപ മാത്രം. സബ്സിഡിയിൽ 32,800 രൂപ തദ്ദേശ സ്ഥാപനത്തിൽ നിന്നാണ്. 16,400 രൂപ ഫിഷറീസ് വകുപ്പ് വിഹിതവും.

 ബയോ ഫ്ലോക് കൃഷി

ജലശുദ്ധീകരണ പ്രക്രിയയടങ്ങിയ ഈ കൃഷിരീതിയിൽ കുറഞ്ഞ സ്ഥലത്ത് കൂടുതൽ മീനുകൾ വളർത്തിയെടുക്കാനാവും. വീടുകളിൽ 5. 6 മീ​റ്റർ വ്യാസവും 1. 2 മീ​റ്റർ ഉയരവുമുള്ള ബയോ ഫ്‌ളോക് നിർമ്മിച്ച് ഇൻവെർട്ടർ കൂടി ഘടിപ്പിച്ചാൽ മതി. ചെലവ് 1,38,000 രൂപ. സബ്‌സിഡിയിൽ തദ്ദേശസ്ഥാപനത്തിന്റെ വിഹിതം 36,800 രൂപ. ഫിഷറീസ് വകുപ്പിന്റേത് 18,400 രൂപയും.

 കരിമീൻ കൃഷി

പത്താം മാസം വിളവെടുപ്പ് തുടങ്ങിയാൽ 15-ാം മാസം പൂർത്തിയാക്കാം. ഒന്നര ലക്ഷം രൂപയാണ് ചെലവ്. സബ്സിഡിയിൽ 40,000 രൂപ തദ്ദേശ സ്ഥാപനത്തിൽ നിന്ന്. 20,000 രൂപ ഫിഷറീസ് വകുപ്പ് വകയും.


 മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാളുകൾ മത്സ്യകൃഷിയിലേക്ക് തിരിയുന്നുണ്ട്. കുറഞ്ഞ കാലം കൊണ്ടു തന്നെ മത്സ്യസമ്പത്തിൽ പ്രകടമായ നേട്ടം പ്രതീക്ഷിക്കാം.

സുധീർ കിഷൻ,

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ,

കോഴിക്കോട്

 മത്സ്യകൃഷിയിലേക്ക് ഏറെപ്പേർ കടന്നുവരാൻ കൊവിഡ് ലോക്ക് ഡൗണും നിമിത്തമായി. ആവശ്യത്തിന് ഫണ്ട് ഇല്ലെന്നതു മാത്രമാണ് തടസ്സം. അപേക്ഷകരെ മറ്റ് പദ്ധതികളിൽ ഉൾപ്പെടുത്താനും ശ്രമമുണ്ട്.

ശ്യാംചന്ദ്,

ഫിഷറീസ് ഇൻസ്പെക്ടർ,

കൊയിലാണ്ടി