കൽപ്പറ്റ: ജില്ലയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് ചരക്ക് വാഹനങ്ങളിൽ പോയി തിരികെയെത്തുന്ന ഡ്രൈവർമാർക്കായി പ്രത്യേക വിശ്രമകേന്ദ്രങ്ങൾ തുറക്കുന്നു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കലക്‌ട്രേറ്റിൽ ചേർന്ന ലോറി ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്ത ലോറി ഡ്രൈവർമാരെയാണ് ഇത്തരം വിശ്രമ കേന്ദ്രത്തിൽ താമസിപ്പിക്കുക.
കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ വിശ്രമകേന്ദ്രം കണ്ടെത്തുന്നത്. പാർക്കിംഗ്, ബാത്ത്റൂം, അടിയന്തിര മെഡിക്കൽ സൗകര്യം എന്നിവ ഇവിടെ ഉണ്ടാകും. ഡ്രൈവർമാർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിനുള്ള സംവിധാനവും ഒരുക്കും.

ഇതിന് പുറമേ ചരക്ക് വാഹനം സംബന്ധിച്ചുള്ള വിവരങ്ങളും ലോറി ഡ്രൈവറെ സംബന്ധിച്ചുള്ള വിവരങ്ങളും അടങ്ങുന്ന സ്റ്റിക്കറും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ലോറിയിൽ പതിക്കും. യാത്ര കഴിഞ്ഞ് ലോറി ഡ്രൈവർ താമസിക്കുന്ന ഇടങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഈ സ്റ്റിക്കറിൽ ഉണ്ടാവും.
ഇതര സംസ്ഥാനങ്ങളിൽ കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി വിശ്രമങ്ങൾ തുറക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇവർ പൊതുയിടങ്ങളിൽ സമ്പർക്കത്തിൽ ഏർപ്പെടുന്നത് നിയന്ത്രിക്കാൻ വിശ്രമ കേന്ദ്രങ്ങൾ തുറക്കുന്നതു വഴി സാധിക്കുമെന്നും അവർ പറഞ്ഞു.
യോഗത്തിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, എ.ഡി.എം ഇൻ ചാർജ് ഇ.മുഹമ്മദ് യൂസഫ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ.അജീഷ്, ഡി.പി.എം ഡോ. ബി.അഭിലാഷ്, ലോറി ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


കോവിഡ് പ്രതിരോധം
മാനന്തവാടി നഗരസഭയിൽ കൂടുതൽ നിയന്ത്രണം

മാനന്തവാടി: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ മാനന്തവാടി നഗരസഭ പരിധിയിൽ കാൽനടയായും വാഹനമുപയോഗിച്ചും വീടുകൾ കയറിയുള്ള കച്ചവടങ്ങൾക്കും വെറ്റില മുറുക്കാൻ വിൽപ്പന കേന്ദ്രങ്ങൾ തുറക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.

നഗരത്തിൽ അലഞ്ഞ് തിരിഞ്ഞു നടക്കുന്നതിനും ഭിക്ഷാടനം നടത്തുന്നതിനും നഗരസഭ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ വി.ആർ.പ്രവീജ് അറിയിച്ചു.


ഭക്ഷ്യധാന്യ വിതരണം തുടങ്ങി

കൽപ്പറ്റ: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന സ്‌കീമിലെ ജൂലൈ മാസത്തെ ഭക്ഷ്യധാന്യ വിതരണം തുടങ്ങി. നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.