പേരാമ്പ്ര: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പേരാമ്പ്രയിൽ നാല് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തയ്യാറായി. പേരാമ്പ്ര ചെമ്പ്ര റോഡിലെ ജില്ലാ പഞ്ചായത്ത് വനിത ഹോസ്റ്റൽ, സി.കെ.ജി.എം ഗവ.കോളേജ് എന്നിവിടങ്ങളിലാണ് ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജീകരിക്കുന്നത്. ഗ്രാമപഞ്ചായത്ത് അധികൃതർ, ആരോഗ്യ പ്രവർത്തകർ, ആർ.ആർ.ടി അംഗങ്ങൾ എന്നിവർ നാട്ടുകാരുടെ സഹകരണത്തോടെ ശുചീകരണം നടത്തുകയും മുറികൾ സജ്ജീകരിക്കുകയും ചെയ്തു. സി.കെ.ജി.എം ഗവ.കോളേജ് സെമിനാർ ഹാളാണ് എഫ്.എൽ.ടി.സിക്ക് വേണ്ടി കണ്ടെത്തിയ മറ്റൊരു കേന്ദ്രം. ഇവിടെ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ആർ.ആർ.ടി പ്രവർത്തകരും ചേർന്ന് കാട് വെട്ടിതെളിക്കുകയും ഹാൾ ശുചീകരിക്കുകയും ചെയ്തു. സെന്ററിനാവശ്യമായ കട്ടിലുകൾ സമീപത്തെ താലൂക്ക് ആശുപത്രിയിൽ നിന്ന് എത്തിച്ചു. കോളേജിന്റെ പ്രധാന കെട്ടിടത്തിലെ മുറികളും എഫ്.എൽ.ടി.സിക്കായി ഒരുക്കി വരികയാണ്. 50 കിടക്കകൾ സജ്ജീകരിക്കും.