covid
അഴിയൂരിൽ കിടത്തി ചികിത്സാ കേന്ദ്രം ഒരുക്കുന്ന ബനാത്ത് മദ്രസ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു

വടകര: കൊവിഡ് വ്യാപന തോത് ഏറുന്ന സാഹചര്യത്തിൽ അഴിയൂർ പഞ്ചായത്തിൽ കിടത്തി ചികിത്സാ കേന്ദ്രം തുടങ്ങുന്നു. ഏഴാം വാർഡിലെ അൽ മദീന മദ്രസത്തുൽ ബനാത്തിലാണ് ചികിത്സാ കേന്ദ്രം ഒരുക്കുന്നത്. 40 പുരുഷന്മാർക്കും 10 സ്ത്രീകൾക്കും ചികിത്സ നൽകാൻ കഴിയും. ഫ്രണ്ട് ഓഫീസ്, ഡോക്ടേർസ് റൂം, ഒബ്സർ വേഷൻ റൂം, ഫാർമസി എന്നിവയും ഒരുക്കും. പഞ്ചായത്ത് പ്രസിഡന്റ് വി. പി.ജയന്റെ നേതൃത്വത്തിലുള്ള സംഘം സൗകര്യങ്ങൾ വിലയിരുത്തി. സർക്കാർ നിർദ്ദേശമനുസരിച്ച് കട്ടിൽ, കിടക്ക തുടങ്ങിയവ പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കും. നേരത്തെ കണ്ടെത്തിയ കെട്ടിടത്തിൽ സർക്കാർ നിർദ്ദേശിച്ച സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് പ്രവാസി കൊവിഡ് കെയർ സെന്ററായി പ്രവർത്തിച്ച കെട്ടിടം കിടത്തി ചികിത്സയ്ക്ക് തയ്യാറാക്കുന്നത്. പഞ്ചായത്ത് ഏറ്റെടുത്ത കെട്ടിടം ശുചീകരണം നടത്തി ജില്ലാ കളക്ടർക്ക് കൈമാറി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കൊവിഡ് ഡ്യൂട്ടിയിലുളള അദ്ധ്യാപകരായ കെ. ദീപ് രാജ്, വി .പി .രാഹുൽ ശിവ, കെ.പി.പ്രീജിത് കുമാർ, ആർ. പി .റിയാസ്, സലീഷ് കുമാർ, സജേഷ് കുമാർ, സി.കെ. സാജിദ് സന്നദ്ധ പ്രവർത്തകൻ കെ .കെ. പി .ഫൈസൽ എന്നിവർ കെട്ടിട പരിശോധനയിൽ പങ്കെടുത്തു.