പുൽപ്പള്ളി: ദാസനക്കരയിൽ കടുവ പശുവിനെ കൊന്നു. പനമരം ബ്ലോക് പഞ്ചായത്ത് മെമ്പർ മണി ഇല്ലിയമ്പത്തിന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം കടുവ പിടിച്ചത്. രാവിലെ മേയാൻ വിട്ടതായിരുന്നു പശുവിനെ. ഈ പ്രദേശത്ത് കടുവയുടെ ശല്യം സമീപകാലത്ത് വർദ്ധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
(ഫോട്ടൊ- കടുവ കൊന്ന പശു)
സെക്രട്ടറിയെ മാറ്റിയത് പ്രതിഷേധാർഹം
പുൽപ്പള്ളി: കൊവിഡ് വ്യാപന സമയത്ത് കാര്യക്ഷമമായി ജോലി ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ മാറ്റിയത് ഭരണസ്വാധീനത്തിന്റെ ദുരുപയോഗമാണെന്നും കോൺഗ്രസ് ഐ പുൽപ്പള്ളി മണ്ഡലം കമ്മറ്റി. പഞ്ചായത്തിൽ ചിലർ നടത്തിയ അഴിമതിക്ക് കൂട്ട് നിൽക്കാത്തതിനാലാണ് സെക്രട്ടറിയെ സ്ഥലം മാറ്റിയതെന്നും കോൺഗ്രസ് ആരോപിച്ചു. ടി.എസ്.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.കുര്യാക്കോസ്, സി.പി.ജോയി, എം.ഡി.കരുണാകരൻ, സണ്ണി തോമസ്,ജോഷി കുരീക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
കർഷകരുടെ സംരക്ഷണം ഉറപ്പാക്കണം
പുൽപ്പള്ളി: പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ സത്യവാങ്ങ്മൂലം നൽകുമ്പോൾ പശ്ചിമഘട്ടത്തിലെ കുടിയേറ്റ സമൂഹത്തിന്റെയും കർഷകരുടെയും സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് കെ പി സി സി സെക്രട്ടറി കെ. കെ. അബ്രഹാം ആവശ്യപ്പെട്ടു.കേരളത്തിലെ റവന്യു ഭൂമി പൂർണ്ണമായും ഒഴിവാക്കിയും റിസർവ്വ് വനങ്ങളും ലോക പൈതൃക പ്രദേശങ്ങളും സംരക്ഷിതമേഖലകളും മാത്രം പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയും മാത്രമെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ. സംസ്ഥാനത്തെ 92 വില്ലേജുകൾ ഇ എസ് എയിൽ ഉൽപ്പെടുത്താമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ആശങ്കപ്പെടുത്തുന്നതാണ്.