കൽപ്പറ്റ: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൽപ്പറ്റ നിയോജക ണ്ഡലത്തിൽ കൂടുതൽ തരിശ് നിലങ്ങളിൽ കൃഷിയിറക്കുമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. കളക്ട്രേറ്റിൽ ചേർന്ന കൽപ്പറ്റ നിയോജകമണ്ഡലം പച്ചപ്പ് പദ്ധതിയുടെ അവലോകന യോഗത്തിലാണ് കൂടുതൽ പ്രദേശങ്ങൾ കണ്ടെത്തി കൃഷിയിറക്കാൻ തീരുമാനമായത്. കാരാപ്പുഴയിലും ബാണാസുരയിലും അമ്പതേക്കർ വീതം തരിശു നിലങ്ങളിൽ പച്ചപ്പ് മുൻകൈയ്യെടുത്ത് ഇത്തവണ കൃഷി തുടങ്ങുന്നുണ്ട്. കാരാപ്പുഴ ഡാം പരിസരത്ത് മുപ്പത് ഏക്കറിൽ നെൽകൃഷിയും ഇരുപതേക്കറിൽ പച്ചക്കറി കൃഷിയുമാണ് നടത്തുക. ബാണാസുര ഡാം പരിസരത്ത് മിൽക്ക് സൊസൈറ്റികളുടെ സഹകരണക്കോടെ പശുക്കുട്ടികളുടെ പരിപാലനവും തീറ്റപ്പുൽ കൃഷി, പൂക്കളുടെ കൃഷി, പഴവർഗ്ഗങ്ങളുടെ കൃഷി എന്നിവയും പ്രാദേശിക കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കും. കൃഷി വകുപ്പ്, ജലസേചന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സഹായ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി കാപ്പി കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിക്കും. നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ജൂലൈ 24 ന് ചേരും. വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് മാങ്കുളം മോഡൽ ഫെൻസിങ്ങ്, റെയിൽ ഫെൻസിങ്ങ്, സോളാർ ഹാന്റ്ലിംഗ് ഫെൻസിങ്ങ് എന്നിവ നടപ്പാക്കും. ഇതിനായി എം എൽ എ ഫണ്ടിൽ നിന്ന് അമ്പത് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. ബാക്കി തുക പഞ്ചായത്തുകളിൽ നിന്ന് പ്രാദേശികമായി കണ്ടെത്തി വനം വകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കും. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി ഓരോ പഞ്ചായത്തിലും ഓരോ ഏക്കർ സ്ഥലം കണ്ടെത്തി വന്യ മൃഗങ്ങൾക്കായി ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കണമെന്നും എം.എൽ.എ പറഞ്ഞു.
പച്ചപ്പിന്റെ ഭാഗമായി നിയോജക മണ്ഡലത്തിൽ പുതുജീവനം പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി എക്‌സൈസ്, പട്ടികവർഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ മിഷൻ, ജനമൈത്രി പൊലീസ്, ആരോഗ്യവകുപ്പ്, പഴശ്ശി സന്നദ്ധ സംഘടന എന്നിവയുമായി സഹകരിച്ച് ഓരോ പഞ്ചായത്തിലെയും അഞ്ച് കോളനികൾ തിരഞ്ഞെടുത്ത് ബോധവത്ക്കരണം, കൗൺസിലിംഗ്, ചികിത്സ എന്നിവ പുതുജീവനത്തിലൂടെ സംഘടിപ്പിക്കും.

യോഗത്തിൽ പച്ചപ്പ് നോഡൽ ഓഫീസർ പി.യു.ദാസ്, കോ ഓർഡിനേറ്റർ കെ.ശിവദാസൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയർ പങ്കെടുത്തു.


ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം

കൽപ്പറ്റ: സംസ്ഥാന സർക്കാറിന്റെ ടൂറിസം വകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിലെ മങ്കട കാമ്പസിൽ പ്രവർത്തിക്കുന്ന ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരുവർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്. എസ്.എൽ.സി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി കൾക്ക് പഠനം സൗജന്യമാണ്. പ്രോസ്‌പെക്ടസിനും അപേക്ഷിക്കുന്നതിനും ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റ് www.fcikerala.org സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകീട്ട് 5 മണി വരെ. ഫോൺ: 04933295733, 9645078880, 9895510650.