കോഴിക്കോട്: കൊവിഡ് സമ്പർക്ക വ്യാപനം ഏറുകയാണ്. ജില്ലയിൽ ഇന്നലെ 39 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 30 പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെ. ഇന്നലെ രോഗബാധിതരായതിൽ വിദേശത്ത് നിന്ന് എത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയ നാലു പേരുമുൾപ്പെടും. ഉറവിടം വ്യക്തമല്ലാത്ത നാലു കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 39 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
പോസിറ്റീവായവരിൽ രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്. ഇവരിൽ ഒരാൾ സർക്കാർ മേഖലയിലാണ്. ഒരാൾ സ്വകാര്യമേഖലയിലും.
കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത് 436 കോഴിക്കോട് സ്വദേശികളാണ്. ഇതിൽ 79 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 87 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 261 പേർ കോഴിക്കോട് എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലും 5 പേർ കണ്ണൂരിലും ഒരാൾ മലപ്പുറത്തും രണ്ട് പേർ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തുമുണ്ട്.
നിരീക്ഷണത്തിൽ
724 പേർ കൂടി
പുതുതായി വന്ന 724 പേർ ഉൾപ്പെടെ ജില്ലയിൽ 12,119 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ഇതുവരെ 72,114 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 135 പേർ ഉൾപ്പെടെ 531 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 228 പേർ മെഡിക്കൽ കോളേജിലും 88 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 215 പേർ എൻ.ഐ.ടി യിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുമാണ്. 5,096 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 662 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 4322 പേർ വീടുകളിലുമാണ്.
പോസിറ്റീവ് കേസുകൾ
(പഞ്ചായത്ത്/ നഗരസഭ തിരിച്ച്)
കോഴിക്കോട് കോർപ്പറേഷൻ 5
തൂണേരി 8
എറാമല 8
പുറമേരി 5
ആയഞ്ചേരി 3
നാദാപുരം 2
ചോറോട് 2
ഒളവണ്ണ 2
ചെക്കിയാട് 1
കുന്നുമ്മൽ 1
പുതുപ്പാടി 1
ഓമശ്ശേരി 1