 
ആതുരസേവന രംഗത്ത് അരനൂറ്റാണ്ട് പിന്നിടുകയാണ് കുന്ദമംഗലത്തെ ജനകീയ ഡോക്ടർ എൻ.വിജയൻ. തലമുറകളായി കുന്ദമംഗലത്തുകാരുടെ കുടുംബ ഡോക്ടറാണ് ഇദ്ദേഹം. ഒരിക്കലെങ്കിലും ഡോക്ടറുടെ അടുത്ത് ചികിത്സതേടി എത്താത്തവർ ഇന്നാട്ടിലുണ്ടാവില്ല. കൊവിഡ് വ്യാപനത്തിന്റെ തൊട്ടുമുമ്പുവരെ  അമ്പാടി ആശുപത്രിയിൽ നീണ്ട നിരയായിരുന്നു. വിജയൻ ഡോക്ടറെ കണ്ടാൽ രോഗം ഭേദമാകുമെന്ന വിശ്വാസമാണ് ഇദ്ദേഹത്തെ കുന്ദമംഗലത്തുകാരുടെ പ്രിയപ്പെട്ട ഡോക്ടറാക്കിയത്. സാധാരണ കർഷക കുടുംബമായ നെടുമങ്ങാട് ഉഴമലയ്ക്കൽ ആനന്ദേശ്വരം തറവാട്ടിൽ നാരായണൻ-ഭാനുമതി ദമ്പതികളുടെ മകനാണ് ഡോ.എൻ.വിജയൻ. നെടുമങ്ങാട് ഹൈസ്കൂളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി. എം.ജി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠനത്തിന് ശേഷം അമ്മാവൻ പി.ചക്രപാണിയുടെ സംരക്ഷണയിലായിരുന്നു പഠിച്ചതും വളർന്നതും. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിച്ചത് അമ്മാവനാണ്. അച്ഛൻ എസ്.എൻ.ഡി.പി യോഗത്തിന്റെ സജീവ പ്രവർത്തകനും ഉഴമലയ്ക്കൽ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറിയുമായിരുന്നു. അമ്മാവന്റെ നിർദേശപ്രകാരമാണ് മെഡിസിന് ചേരുന്നത്. തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് ഇന്റഗ്രേറ്റഡ് കോഴ്സ് ഇൻ ആയുർവേദ ആൻഡ് മോഡേൺ മെഡിസിനും (ഡി.എ.എം) തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന്  1966  ൽ ഡി.എം.എസ് കോഴ്സും പൂർത്തിയാക്കി ഇറങ്ങുമ്പോൾ  മനസിൽ ഉറപ്പിച്ചതാണ് സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന്. 1967ൽ വയനാട് അമ്പലവയൽ സർക്കാർ ഡിസ്പെൻസറിയിൽ അസി.സർജനായാണ്  ഔദ്യോഗിക ജീവിതം  ആരംഭിക്കുന്നത്. യുവഡോക്ടർ എന്ന നിലയിൽ തനിക്ക് ലഭിച്ച വലിയ ഭാഗ്യമാണ് അമ്പലവയലിലെ ജോലിയെന്ന് ഡോ.വിജയൻ പറയുന്നു. അവിടുത്തെ അനുഭവങ്ങളാണ് ഔദ്യോഗിക ജീവിതത്തിൽ ശക്തി പകർന്നത്.സ്പെഷ്യലിസ്റ്റ്  ഡോക്ടർമാർ കുറവായതിനാൽ അക്കാലത്ത് ഒരേ സമയം ഗൈനക്കോളജിസ്റ്റായും ജനറൽ ഫിസിഷനായും പ്രവർത്തിച്ചിട്ടുണ്ട്.
@അംഗീകാരങ്ങളുടെ  നടുവിൽ
 2016ൽ  ഇന്ത്യൻ മെഡിക്കൽ  അസോസിയേഷൻ (ഐ.എം.എ), കോളേജ്  ഓഫ്  ജനറൽ പ്രാക്ടീഷനേഴ്സ്  (സി.ജി.പി) കോഴിക്കോട് ചാപ്റ്ററിന്റെ ഫാമിലി പ്രാക്ടീസ്  റീജിയണൽ  അംഗീകാരം ലഭിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ,  ശ്രീനാരായണ എജ്യുക്കേഷൻ  സൊസൈറ്റി എന്നിവയുടെ ആജീവനാന്ത മെമ്പറാണ്. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം , കോഴിക്കോട് ശ്രീ സദ്ഗുരു സംഗീത  സഭ എന്നിവയുടെ അംഗവുമാണ്. ജോലി ചെയ്തിരുന്ന നരിക്കുനി, മുക്കം, കുന്ദമംഗലം  എന്നിവിടങ്ങളിൽ  ജനകീയ കൂട്ടായ്മയിൽ നടന്ന ആശുപത്രികളുടെ  നവീകരണത്തിൽ  ഡോക്ടർ പങ്കാളിയായിരുന്നു. ശാസ്ത്രീയ  സംഗീതവും  നൃത്തവും ഏറെ  ഇഷ്ടപ്പെടുന്ന  ഡോക്ടർ ഇവ പഠിക്കാൻ കഴിയാത്തതിന്റെ ദുഃഖം തീർത്തത് മകളെ  ശാസ്ത്രീയ സംഗീതവും നൃത്തവും പഠിപ്പിച്ചായിരുന്നു. പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ പാലാ സി.കെ രാമചന്ദ്രന്റെ യും ഭരതനാട്യം ആചാര്യൻ  പന്തനല്ലൂർ സുബ്ബരായപിള്ളയുടെയും ശിഷ്യയാണ്.
@ സ്ഥലംമാറ്റത്തിലൂടെ  കുന്ദമംഗലത്തേക്ക്
1970ൽ കുന്ദമംഗലം ഡിസ്പെൻസറിയിലേക്ക് സ്ഥലം മാറ്റം കിട്ടി. മുക്കം പ്രൈമറി ഹെൽത്ത് സെന്റർ, നരിക്കുനി, കോഴിക്കോട്  ജനറൽ ആശുപത്രി, കുഷ്ഠരോഗ ആശുപത്രി, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 1990ൽ സിവിൽ സർജനായി സർവീസിൽ നിന്ന്  വിരമിച്ചു. 
@ അമ്പാടി ആശുപത്രി
1991ലാണ് അമ്പാടി ആശുപത്രി ആരംഭിക്കുന്നത്. രണ്ട് ഡോക്ടർമാരും 10 കിടക്കകളുമായാണ് ആശുപത്രിയുടെ തുടക്കം. ഇന്ന് 24 മണിക്കൂറും  പ്രവർത്തിക്കുന്ന  ആശുപത്രിയായി മാറിയതിന് പിന്നിൽ വിജയൻ ഡോക്ടറുടെ കൈപ്പുണ്യം തന്നെയാണ്. മിക്ക ദിവസങ്ങളിലും രാവിലെ 8 മണിയ്ക്ക് ആരംഭിക്കുന്ന ഒ.പി അവസാനിക്കുക രാത്രിയിലായിരിക്കും.
@ കുടുംബം
വർക്കല കാപ്പിൽ സ്വദേശി ബി.സുലോചനയാണ് ഭാര്യ. മക്കൾ ഡോ. മണിലാൽ അമ്പാടി ആശുപത്രിയുടെ ഭരണ വിഭാഗം ചുമതല വഹിക്കുന്നു. 
ബിന്ദുലാൽ കാനഡയിൽ ഗൂഗിളിൽ ജോലി ചെയ്യുന്നു.  മകൾ ലീനാ സുലോചന  സോഫ്റ്റ്വെയർ എൻജിനിയർ  (യു.എസ്).