img202007
കിടത്തി ചികിത്സാ കേന്ദ്രം മുക്കം നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു

മുക്കം: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് മുക്കം നഗരസഭ എം.എ.എം.ഒ വർക്കിംഗ് വുമൺസ് ഹോസ്റ്റൽ കിടത്തി ചികിത്സാ കേന്ദ്രമാക്കി. ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ കെട്ടിടം ശുചീകരിച്ചു. 90 കിടക്കകകളുള്ള സൗകര്യമാണ് ഒരുക്കിയത്. ഡോക്ടർമാർ,നഴ്സുമാർ,നഴ്സിംഗ് അസിസ്റ്റന്റുമാർ,ശുചീകരണ ജോലിക്കാർ തുടങ്ങിയവർക്ക് പ്രത്യേക മുറികളും നഴ്സിംഗ് സ്റ്റേഷൻ, ഫാർമസി എന്നിവയ്ക്കും സാധനങ്ങൾ സ്റ്റോക്ക് ചെയ്യാനും സൗകര്യം ഒരുക്കി.ചികിത്സയ്ക്ക് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മേൽനോട്ടം വഹിക്കും.നോഡൽ ഓഫീസറായി റവന്യൂ ഇൻസ്പെക്ടർ സുരേഷ് ബാബുവിനെ ചുമതലപ്പെടുത്തി. നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.ശ്രീധരൻ, നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ്, മെഡിക്കൽ ഓഫീസർ ഡോ.എം.മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ എന്നിവർ സെന്റർ സന്ദർശിച്ചു.