കുന്ദമംഗലം: കൊവിഡ് ലോക് ഡൗണിൽ എല്ലാം നിശ്ചലമായപ്പോൾ കാഴ്ചയൊട്ടുമില്ലാത്ത തെരുവുഗായകൻ കുഞ്ഞാവയ്ക്ക് മുന്നിൽ ഒരു വഴിയേയുണ്ടായിരുന്നുള്ളു; ജീവന് തുല്യം സ്നേഹിക്കുന്ന ഹാർമോണിയം വിൽക്കുക.
തെരുവ് വീണ്ടും പഴയ പടി ഉണർന്നാലല്ലേ കരോക്കെ പാടി അന്നത്തിന് വക കണ്ടെത്താനാവൂ. നിവൃത്തികേടിന്റെ നിമിഷത്തിൽ ആനപ്പാറ സ്വദേശി കുഞ്ഞാവ ഹാർമോണിയം വിറ്റു. എന്നാൽ ഈ വിവരം അറിഞ്ഞ കുന്ദമംഗലത്തെ ഒരു കൂട്ടം സാമൂഹ്യപ്രവർത്തകർ കുഞ്ഞാവയ്ക്ക് കൈത്താങ്ങായി. ഹാർമോണിയം വാങ്ങിയ വ്യക്തിയെ കണ്ടുപിടിച്ച് കൂടുതൽ തുക നൽകി ഹാർമോണിയം തിരിച്ചുവാങ്ങി കുഞ്ഞാവയ്ക്ക് തിരിച്ചേൽപ്പിച്ചു. മാത്രമല്ല, കുടുബത്തെ സാമ്പത്തികമായി സഹായിക്കാനും മക്കളുടെ വിദ്യാഭ്യാസ ചെലവ് എറ്റെടുക്കാനും കൂടി കുന്ദമംഗലത്തെ സുമനസ്സുകൾ തയ്യാറായി. കോളേജ് പഠനകാലത്ത് ഇരു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട കുഞ്ഞാവ തെരുവുകളിൽ പാട്ടുപാടിയാണ് കുടംബം പുലർത്തുന്നത്. പാട്ടു പാടുമ്പോൾ ഹാർമോണിയത്തിൽ തന്നെ താളം പിടിക്കുന്ന കുഞ്ഞാവയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു തബല കൂടി സ്വന്തമാക്കുകയെന്നത്. ഇതിനിടയ്ക്ക് ഖത്തറിലെ ഒരു പ്രവാസി കുഞ്ഞാവയ്ക്ക് തബല സമ്മാനിക്കാൻ മുന്നോട്ട് വന്നു. സാമൂഹ്യപ്രവർത്തകൻ നൗഷാദ് തെക്കെയിലിനെ ബന്ധപ്പെട്ട് സാമ്പത്തികസഹായവും നൽകി. നൗഷാദിനൊപ്പം പോയ കുഞ്ഞാവ കടയിൽ നിന്ന് ഇഷ്ടപ്പെട്ട തബല സ്വന്തമാക്കി. തബലയും ഹാർമോണിയവും വെച്ച് ശ്രുതിമധുരമായി പാടാൻ ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർ നിറയുന്നതും കാത്തിരിക്കുകയാണ് കുഞ്ഞാവ.