കൽപ്പറ്റ: രാത്രിയാത്രാ നിരോധനത്തെച്ചൊല്ലി നേരത്തെയുയർന്ന വിവാദങ്ങൾ പിന്നീട് കെട്ടടങ്ങിയപ്പോൾ പുതിയ വിവാദച്ചുഴിയിൽ ആഴുകയാണ് വയനാട്. കോഴിക്കോട് - കൊല്ലഗൽ ദേശീയപാത 766 അടച്ച് പകരം മൈസുരു - ഗോണിക്കുപ്പ - കുട്ട മാനന്തവാടി - കൽപ്പറ്റ - വേനപ്പാറ വഴി മലപ്പുറത്തേക്ക് പുതിയ ദേശീയപാത വരുന്ന വിഷയത്തിൽ വയനാട്ടിൽ തന്നെ രണ്ടു ചേരികൾ രൂപം കൊണ്ടിരിക്കുകയാണ്.
രാത്രിയാത്രയ്ക്ക് പരിഹാരമായി ഇൗ പുതിയ പാതയെ കാണരുതെന്ന വാദം ശക്തമായിട്ടുണ്ട്. പുതിയ പാത ദേശീയപാത 766ന് ബദൽപാതയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്ന ആവശ്യമാണ് പൊതുവെ. ബ്രിട്ടീഷുകാരുടെ കാലത്ത് വന്ന ഇൗ പാത അടഞ്ഞാൽ, ഫലത്തിൽ സുൽത്താൻ ബത്തേരി മണ്ഡലം തന്നെ ഇല്ലാതാകുമെന്ന ആധി പടരുകയാണ്. ബന്ദിപ്പൂർ മേഖലയിൽ ഇപ്പോൾ രാത്രി ഒമ്പത് മണി മുതൽ രാവിലെ ആറ് മണി വരെയാണ് യാത്രാ നിരോധനം. കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയെ ഒഴിവാക്കി, മൈസുരുവിലെ വാജ്പേയ് സർക്കിളിൽ നിന്ന് ആരംഭിച്ച് മലപ്പുറം നഗരത്തിലെ കിഴക്കെത്തലയിൽ അവസാനിക്കുന്ന പുതിയ പാതയ്ക്ക് കേന്ദ്ര സർക്കാർ ഭാരത്‌മാലാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അംഗീകാരം നൽകിയിരിക്കുന്നത്. ദൈർഘ്യം 266.5 കിലോ മീറ്റർ പുതിയ പാതയുടെ ദൈർഘ്യം 266.5 കിലോ മീറ്ററാണ്. കേരളത്തിന്റെ പരിധിയിൽ 143 കിലോ മീറ്ററുണ്ടാവും. കർണാടകത്തിൽ 123 കിലോ മീറ്ററും. നിർദ്ദിഷ്ട പദ്ധതിയുടെ അലൈൻമെന്റ് ദേശീയപാത അതോറിറ്റി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലാ കളക്ടർമാർക്ക് കൈമാറിക്കഴിഞ്ഞു. ദേശീയപാതയ്ക്കായി മലപ്പുറം ജില്ലയിൽ മാത്രം 130 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും. അടിവാരം, വേനപ്പാറ, മുത്തേരി, പൊറ്റശ്ശേരി, കുളിമാട്, ചീക്കോട്, കിഴിശ്ശേരി, വളളുവമ്പ്രം വഴിയാണ് മലപ്പുറത്തേക്ക് പ്രവേശിക്കുക. ദേശീയപാത അലൈൻമെന്റ് കമ്മറ്റി സർക്കാരിന്റെയും ജനപ്രതിനിധികളുടെയും കൂടി അഭിപ്രായം അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊളളുക. 'ബദൽ' വ്യാഖ്യാനം വേണ്ട: സി.പി.എം നിലവിലുളള എൻ. എച്ച് 766 അടയ്ക്കുന്നതിന് തങ്ങൾ എതിരാണെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മറ്റൊരു റോഡും വരാൻ പാടില്ല എന്ന നിലപാട് സ്വീകരിക്കാനുമാവില്ല.എൻ. എച്ച് 766 ന് ബദലായി മറ്റൊന്ന് എന്ന നിലപാട് പാടില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമം അപലപനീയമാണ്. രാത്രികാല നിരോധനം പിൻവലിച്ച് പൂർണമായ സഞ്ചാര സ്വാതന്ത്ര്യമുളള റോഡാക്കി മാറ്റുകയും വേണം.ഒപ്പം മാനന്തവാടി വഴി മലപ്പുറത്തേക്കുളള റോഡും വികസിപ്പിക്കണം. ആകാശപാത പദ്ധതി വരട്ടെ : ഐ.സി.ബാലകൃഷ്ണൻ പുതിയ പാത ഒരിക്കലും ദേശീയപാത 766ന് ബദൽ പാതയെന്ന നിലയിൽ അംഗീകരിക്കരുതെന്ന് കാണിച്ച് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച ആകാശപാത പദ്ധതി നടപ്പിലാക്കട്ടെ. അങ്ങനെയെങ്കിൽ വന്യമൃഗങ്ങൾക്കോ പരിസ്ഥിതിക്കോ ദോഷമുണ്ടാവില്ല. പകലും രാത്രിയും ബന്ദിപ്പൂർ മേഖലയിലൂടെ യാത്ര ചെയ്യാനാവും. ആശങ്ക തീർക്കണം: യുവജനകൂട്ടായ്മ പുതിയ ദേശീയപാത പ്രഖ്യാപനത്തിലൂടെ നാട്ടിൽ പരക്കെയുണ്ടായ ആശങ്ക പരിഹരിക്കണമെന്ന് സുൽത്താൻ ബത്തേരിയിലെ യുവജന കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു. ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ യുവജന കൂട്ടായ്മ നിരാഹാര സമരം നടത്തിയിരുന്നു.