രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. നഗരസഭാപരിധിയിൽ സമ്പർക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ജാഗ്രതാനടപടികൾ വ്യാപിപ്പിക്കും. ഇതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കൗൺസിലർമാരുടെയും യോഗം ഇന്ന് രാവിലെ 11ന് ചേരും.
ഇന്നലെ ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് മേയർ നിർദ്ദേശിച്ചു. പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തി സന്നദ്ധ പ്രവർത്തനം താഴേത്തട്ടിലേക്ക് പരമാവധി എത്തിക്കണം. തർക്കത്തിനിടയാക്കാത്ത രീതിയിലായിരിക്കണം പ്രവർത്തനം. മാർക്കറ്റുകളിലെ ആൾക്കൂട്ടം കർശനായി തടഞ്ഞേ പറ്റൂ. കമ്മ്യൂണിറ്റി കിച്ചൻ വീണ്ടും തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും മേയർ പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരുക്കിയ യോഗത്തിൽ 111 അജണ്ടകൾ പാസാക്കി. അഞ്ചെണ്ണം മാറ്റിവെച്ചു. പ്രമേയങ്ങളും ശ്രദ്ധ ക്ഷണിക്കലും ഉണ്ടായില്ല.
കല്ലുത്താൻകടവിൽ പച്ചക്കറി - പഴം മാർക്കറ്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കാൻ വികസനകാര്യ സ്ഥിരം സമിതി നൽകിയ ശുപാർശ കൗൺസിൽ യോഗം അംഗീകരിച്ചു. 6. 6 കോടി രൂപയാവും ഭൂമിയ്ക്ക്. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ചോ, അതല്ലെങ്കിൽ ഏതെങ്കിലും പദ്ധതി ഒഴിവായാൽ അതിന്റെ ഫണ്ട് ഉപയോഗിച്ചോ സ്ഥലം ഏറ്റെടുക്കാമെന്നാണ് വികസന സമിതിയുടെ ശുപാർശ.
കോട്ടൂളി തണ്ണീർതടം
സംരക്ഷിക്കും
ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ കോട്ടൂളിയിലെ തണ്ണീർത്തടം കോർപ്പറേഷൻ സംരക്ഷിക്കും. ജൈവവേലി കെട്ടിയും അതിരുകളിൽ കൂടുതൽ സസ്യങ്ങൾ നട്ടുപിടിപ്പിച്ചും കൈയേറ്റം ഒഴിവാക്കിയും തണ്ണീർതടം നിലനിറുത്തും.
സംരക്ഷിക്കപ്പെടേണ്ട 94 തണ്ണീർത്തടങ്ങളിൽ ഒന്നാണ് കോട്ടൂളിയിലേത്. തണ്ണീർത്തടവും കണ്ടൽക്കാടുമായി 150 ഏക്കർ വരും ഇത്.
ശുദ്ധജലതടാകമായ കുറുമ്പൻചിറയും സംരക്ഷിക്കും. സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരും കൗൺസിലർമാരും ചിറ സന്ദർശിച്ചിരുന്നു.