kodi
ചെറുവാടിയിലെ പോത്ത് വ്യാപാര കേന്ദ്രം

കോഴിക്കോട്: കൊവിഡ് പടർന്നതോടെ കച്ചവടം ലോക്കായി, പ്രവാസികളുടെ പണമയക്കലും മുടങ്ങി. പ്രളയജലത്തിൽ വളമണ്ണെല്ലാം ഒലിച്ചുപോയപ്പോൾ വിതച്ച വിത്തുകളും പതിരായി. പ്രതിസന്ധികൾ ഒന്നൊന്നായി ജീവിതത്തിന്റെ നിറം കെടുത്തിയതോടെ കൊടിയത്തൂരുകാർ പോത്തിനെ വാങ്ങി . പോത്തോ!!, അതിശയം വേണ്ട, നാല് മാസം കൊണ്ട് മൂന്നിരട്ടി ലാഭമുണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുന്നു കൊടിയത്തൂരുകാർ.

കൊടിയത്തൂരിലെയും ചെറുവാടിയിലെയും വയലുകളിൽ പോത്തുകൾ മേഞ്ഞ് വളരുകയാണ്. 15,000 മുതൽ 20,000 വരെ വില വരുന്ന പോത്ത് കുട്ടികളെ വാങ്ങി നാല് മാസം പോറ്റിയ ശേഷം വിൽക്കും. ബലി പെരുന്നാൾ കൂടി മുന്നിൽ കണ്ട് നൂറ് കണക്കിന് പോത്തുകളാണ് വിൽപ്പനയ്ക്കായി ഉശിരോടെ നിൽക്കുന്നത്. ഒന്നിന് ശരാശരി 60000 വരെ വില ലഭിക്കും. വെറുതെ കിടക്കുന്ന 400ഏക്കറോളം വയലുകളും വെള്ളവും ഉള്ളതിനാൽ പോത്ത് വളർത്തൽ ഇവിടുത്തുകാർക്ക് ചെലവേറിയ കാര്യമല്ല. കച്ചവടത്തിനായി ചന്തയിലേക്കും പോകേണ്ട. ആവശ്യക്കാർ തിരഞ്ഞ് എത്തും. മഞ്ചേരിയിലെ കാലിച്ചന്ത കൊവിഡിൽ അടഞ്ഞതും അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോത്തിന്റെ വരവ് കുറഞ്ഞതും കൊടിയത്തൂരുകാർക്ക് നേട്ടമായി. കൃഷിക്കാർ മാത്രമല്ല തിരിച്ചെത്തിയ പ്രവാസികളും ഉദ്യോഗസ്ഥരുമെല്ലാം പോത്ത് വ്യവസായത്തിന്റെ ഭാഗമാണ്. പോത്തുകൾ മേയുന്ന വെള്ളക്കെട്ടുകൾ ഒരു കാലത്തെ പ്രധാന നെൽപാടങ്ങളായിരുന്നു. ഏറെക്കാലമായി കൃഷി ചെയ്യാതായതോടെ വയലുകളിൽ വാഴകൾ നിരന്നു. എന്നാൽ രണ്ട് പ്രളയങ്ങൾ വാഴകൃഷിയുടെ അന്ത്യം കുറിച്ചു. വലിയ നഷ്ടമാണ് കൃഷിക്കാർക്ക് ഇതിലൂടെ ഉണ്ടായത്. പ്രളയ ഭയത്താൽ ഈ വർഷം കുറച്ച് പേർ മാത്രമാണ് കൃഷി ഇറക്കിയത്. പോത്ത് വളർത്തൽ ലാഭമാണെന്ന് തിരിച്ചറിഞ്ഞതോടെ വയലുകൾ പോത്തുകൾക്കുളളതായി.

" ലോക്ക് ഡൗൺ കാലത്ത് നാട്ടിലെല്ലാം കൃഷി സജീവമായപ്പോൾ ഇവിടെ പച്ച പിടിച്ചത് പോത്ത് വളർത്തലാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം ഉണ്ടാക്കാൻ സാധിക്കും. പോത്തുകൾക്ക് വെള്ളവും പുല്ലുമാണ് വേണ്ടത്. ഇവിടുത്തെ വയലുകളിൽ രണ്ടും സുലഭമാണ്. മൂന്ന് പോത്തിനെ വളർത്തുന്നുണ്ട് . പത്ത് പോത്തിനെ പോറ്റിയാൽ നാല് മാസം കൊണ്ട് നാല് ലക്ഷം കൈയിൽ പോരും. " മുജീബ് റഹ്മാൻ (ഇറിഗേഷൻ കോൺട്രാക്ടർ)