മറ്റ് ജില്ലകളിൽ കൊവിഡ് പിടിമുറുക്കിയപ്പോഴും ഒരു പരിധി വരെ നിയന്ത്രണത്തിലായിരുന്ന കോഴിക്കോട് ജില്ലയിൽ കഴിഞ്ഞയാഴ്ച നിയന്ത്രണം പാളുന്ന അവസ്ഥയാണ് കണ്ടത്. ജൂൺ 17 മുതൽ 23 വരെയുള്ള കാലയളവിൽ 313 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരാഴ്ചയിലെ ഏറ്റവും വലിയ വർദ്ധനവാണിത്. ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ് ഉണ്ടായതും കഴിഞ്ഞാഴ്ചയാണ്. ജൂലായ് 20 ന് 92 പോസിറ്റീവ് കേസുകളാണ് ഉണ്ടായത്.
മൂന്ന് ഡോക്ടർമാർക്കൊപ്പം 40 ഓളം ആരോഗ്യപ്രവർത്തകർക്ക് രോഗം പിടിപെട്ടതും ആരോഗ്യ വകുപ്പിന് വെല്ലുവിളിയായി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ നെഫ്റോളജി വിഭാഗം അടച്ചിടേണ്ടി വന്നതിനോടൊപ്പം ഒരു സ്വകാര്യ ആശുപത്രിയും അടച്ചു. കോഴിക്കോട് നഗരത്തിനോട് തൊട്ടുകിടക്കുന്ന പന്തീരാങ്കാവിലെ ആസ്റ്റൻ ഓർത്തോ ഹോസ്പിറ്റലാണ് അടച്ചിടേണ്ടി വന്നത്. ഇവിടെത്തെ ഒരു ഡോക്ടർക്ക് പുറമെ 18 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇവിടെ ചികിത്സ തേടിയവരെല്ലാം ഭയത്തോടെയാണ് കഴിയുന്നത്. ഒരു മരണവും കഴിഞ്ഞാഴ്ച ഉണ്ടായി. കല്ലായി സ്വദേശി കോയട്ടി എന്ന 57കാരനാണ് മരണത്തിന് കീഴടങ്ങിയത്. ജില്ലയിലെ മൂന്നാമത്തെ മരണമാണിത്.
കൊവിഡ് വ്യാപനത്തേക്കാൾ ആരോഗ്യ വകുപ്പിനെ ഭയപ്പെടുത്തുന്നത് സമ്പർക്കത്തിലൂടെ രോഗം പടരുന്നതാണ്. കഴിഞ്ഞാഴ്ച കൊവിഡ് ആശങ്കാജനകമാം വിധം പടർന്നതിൽ 70 ശതമാനവും സമ്പർക്കത്തിലൂടെയായിരുന്നു. ചില രോഗികളുടെ ഉറവിടവും കണ്ടെത്താൻ സാധിച്ചിട്ടില്ല. രോഗി വ്യാപനത്തിൽ തുടക്കത്തിൽ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർക്കും ആയിരുന്നു. ഒരു പഞ്ചായത്ത് പ്രസിഡന്റും സംഘവും സാമൂഹിക അകലം പാലിക്കാതെ മരണ വീട്ടിൽ പോയതോടെയാണ് സമ്പർക്ക രോഗവ്യാപനം കുതിച്ചുയർന്നത്. കൊവിഡ് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ച ഒരു മത്സ്യവാഹന ഡ്രൈവർ കൊയിലാണ്ടിയിൽ എത്തിയതും വിദേശത്ത് നിന്ന് എത്തിയ ഒരു പ്രവാസി നിശ്ചിത സമയം നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടന്നതുമാണ് ജില്ലയിൽ രോഗികൾ പെരുകാൻ കാരണമായത്.
സ്ഥിതിഗതികൾ കൈവിട്ട നിലയിലാണെങ്കിലും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. ജനങ്ങൾ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ ഈ ഘട്ടത്തിലും രോഗം നിയന്ത്രണവിധേയമാക്കാൻ സാധിക്കുമെന്നാണ് അവരുടെ അഭിപ്രായം. എന്നാൽ ജില്ലാ ഭരണകൂടമാകട്ടെ കടുത്ത നടപടികളിലൂടെ വ്യാപനം തടയാനാണ് നോക്കുന്നത്.മത്സ്യവില്പനയിലൂടെ രോഗം പടരുന്നത് തടയാൻ കോഴിക്കോട് സെൻട്രൽ മാർക്കറ്റ് ആഗസ്റ്റ് രണ്ട് വരെ അടച്ചിടാൻ ഉത്തരവിട്ടിരിക്കുകയാണ്. ജില്ലയിലെ മത്സ്യബന്ധന ഹാർബറുകളായ ബേപ്പൂർ, പുതിയാപ്പ, ചോമ്പാല എന്നിവ അടച്ചിടാൻ തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവില്പന ഒഴിവാക്കാൻ മത്സ്യവ്യാപാരം നിരോധിച്ചു. ഹോട്ടലുകളിൽ പാഴ്സൽ ഭക്ഷണം മാത്രമാക്കി. ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ കർശന നടപടികളിലൂടെ കൊവിഡ് വ്യാപനം തടയുവാൻ സാധിക്കുമോയെന്ന കാര്യം ഇനിയുള്ള ദിവസങ്ങളിലെ രോഗികളുടെ എണ്ണത്തിലൂടെ മാത്രമെ മനസിലാക്കാൻ സാധിക്കുകയുള്ളൂ.