തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും വസ്തുതാവിരുദ്ധവുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ അറിയിച്ചു.

12 ാം വാർഡിലെ ക്വാർട്ടേഴ്സിൽ താമസിച്ച വടകര സ്വദേശിയിൽ നിന്നും ഇയാളുമായി അടുപ്പം പുലർത്തിയ കോൺഗ്രസിന്റെ പ്രാദേശിക നേതാവിൽ നിന്നുമാണ് പഞ്ചായത്തിൽ രോഗം പകർന്നത്.

വടകര സ്വദേശിയുടെ യാത്രാവിവരങ്ങൾ ആരോഗ്യ വകുപ്പിനെ അറിയിക്കാത്തതാണ് കാരണം. ഇയാൾ സ്വന്തം നിലയ്ക്കാണ് ശ്രവ പരിശോധന നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതിനു ശേഷം പഞ്ചായത്തിന്റെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ഹെൽത്ത് ഇൻസ്പക്ടറും ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി. സമ്പർക്ക പട്ടികയിൽ ഒന്നാമത് വന്ന കോൺഗ്രസിന്റെ പ്രാദേശിക നേതാവിനെയടക്കം ക്വാറന്റയിൻ ചെയയിച്ചത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇടപെട്ടിട്ടാണ്.

പ്രാദേശിക നേതാവിന് വിപുലമായ സമ്പർക്കം ഉണ്ടായിട്ടും പലതും മറച്ചുവെച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയത്.

ഇയാളുടെ സമ്പർക്കത്തിലുള്ളവരെയെല്ലാം കണ്ടെത്തി

ക്വാറന്റയിൻ ചെയ്യിക്കാൻ കഴിഞ്ഞതുകൊണ്ടാണ് പഞ്ചായത്തിൽ തീവ്രവ്യാപനം തടയാൻ കഴിഞ്ഞത്.

രോഗവ്യാപനം കണ്ടെത്തുന്നതിന് 111 പേരെ ആന്റിജൻ ടെസ്റ്റിനു വിധേയരാക്കി. അഞ്ഞൂറോളം ആളുകളെ ക്വാറന്റയിനിലാക്കി. പഞ്ചായത്തിലെ 10 വാർഡുകൾ കണ്ടൈൻമെന്റ് സോണാക്കി രോഗവ്യാപനം തടയാൻ ശ്രമിച്ചു.

എല്ലാ വാർഡ് ജാഗ്രത സമിതികളും വിളിച്ചു ചേർത്ത് അടിയന്തിര നടപടികൾ സ്വീകരിച്ചു. എന്നാൽ ഈ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്ന നിലപാടാണ് യു.ഡി.എഫ്ന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

വടകര സ്വദേശിയുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയിട്ടുള്ള മൈസൂർ യാത്രയും അതിന്റെ മറവിലെ ഇടപാടുകളും പൊലിസ് അന്വേഷിച്ചു വരികയാണ്. പ്രാദേശിക നേതാവിന്റെ സമ്പർക്കം മൂലം ക്വാറന്റയിനിൽ പോയ വരെയടക്കം പങ്കെടുപ്പിച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മറ്റി കൂടിയത്.

ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് രാഷ്ടീയ മുതലെടുപ്പിനു ശ്രമിക്കുന്നത് ജനങ്ങൾ മനസിലാക്കുമെന്ന് അവർ പറഞ്ഞു.