കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പാത വയനാടിന് അനിവാര്യമാണെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ സജി ശങ്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.എച്ച് 766 ന്റെ ബദൽ പാത ആയല്ല ഭാരത് മാല വരുന്നത്. എൻ.എച്ച് 766 അടച്ചു പൂട്ടുന്നതിനോട് ബി.ജെ.പിക്ക് യോജിപ്പില്ല. പാത അടച്ചു പൂട്ടുന്നതിനെതിരെ നിലപാടെടുക്കും. എന്നാൽ എൻ.എച്ച് 766 നായി ഉണ്ടാക്കിയ ആക്‌ഷൻ കമ്മിറ്റിയിൽ തുടരണോ എന്ന കാര്യം പരിശോധിക്കും.
ഭാരത് മാലയുടെ അലൈൻമെന്റ് മാറ്റി മേപ്പാടി, മുണ്ടേരി, നിലമ്പൂർ, മലപ്പുറം എന്നിങ്ങനെ ആക്കണമെന്നാണ് വയനാട് ജില്ലാ ബി.ജെ.പി ആവശ്യപ്പെടുന്നത്. ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കും. വയനാട് ഒറ്റപ്പെട്ടു പോകുന്നതിന് പരിഹാരവും ജില്ലയുടെ വികസനത്തിനും ഭാരത് മാല പ്രയോജനപ്പെടും.
മെഡിക്കൽ കോളേജ് വിഷയത്തിൽ സി.പി.എം കമ്മീഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന് സജി ശങ്കർ ആരോപിച്ചു. സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള ശ്രമത്തെ ബി.ജെ.പി അംഗീകരിക്കില്ല.
വാർത്താസമ്മേളനത്തിൽ ജില്ലാ ഉപാദ്ധ്യക്ഷൻ പി.ജി.ആനന്ദ് കുമാർ,ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ എന്നിവരും പങ്കെടുത്തു.