മാനന്തവാടി: ജില്ലയിൽ പ്ലാസ്മ തെറാപ്പി ആരംഭിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ കഴിഞ്ഞ ദിവസം പ്ലാസ്മ ബാങ്ക് തുടങ്ങിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയിൽ പ്ലാസ്മ ബാങ്കും പ്ലാസ്മ തെറാപ്പിയും ആരംഭിച്ചത്.
വയനാട്ടിലെ ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് രോഗികൾക്കും ഏറെ ആത്മവിശ്വാസം നൽകിയാണ് ജില്ലാ ആശുപത്രിയിൽ പ്ലാസ്മ തെറാപ്പി നടന്നത്. കൊവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന തൊണ്ടർനാട് സ്വദേശിയായ 35 കാരനിലാണ് പ്ലാസ്മ തെറാപ്പി നടത്തിയത്. രോഗം മൂർഛിച്ചതിനെ തുടർന്നാണ് ബുധനാഴ്ച പുലർച്ചെ 2 മണിയോടെ ഡി.എം.ഒ ഡോ: ആർ.രേണുക, കൊവിഡ് നോഡൽ ഓഫീസർ ഡോ: പി.ചന്ദ്രശേഖരൻ, ആശുപത്രി സൂപ്രണ്ട് ഡോ: കെ.ദിനേഷ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്ലാസ്മ നൽകിയത്. തുടർന്ന് ഇദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു.
കൊവിഡ് 19 പൂർണമായി ഭേദമായവരിൽ നിന്ന് 28
ദിവസത്തിനും 4 മാസത്തിനും ഇടയിലാണ് രക്തം ശേഖരിക്കുക. ഇവരുടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്ന പ്ലാസ്മ
കൊവിഡ് പോസിറ്റീവ് ആയി രോഗാവസ്ഥ വർദ്ധിക്കുന്നവർക്ക് നൽകും.
കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയിൽ ആദ്യമായാണ് പ്ലാസ്മ തെറാപ്പി വിജയകരമായി നടത്തിയത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ പ്ലാസ്മ ബാങ്ക് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
ജില്ലയിൽ നിന്ന് ആദ്യമായി കൊവിഡ് രോഗമുക്തനായ ആൾ ഉൾപ്പെടെ 10പേർ ആദ്യ ദിവസം തന്നെ രക്തം ദാനം ചെയ്യാനെത്തിയിരുന്നു. രോഗം ഭേദമായ നിരവധി പേർ പ്ലാസ്മ ദാനത്തിന് സന്നദ്ധത അറിയിച്ച് എത്തുന്നുണ്ട്.
കേരളത്തിലെ മിക്ക രക്തബാങ്കുകളിലും എലൈസ സാങ്കേതിക വിദ്യയാണ് നിലവിൽ ഉപയോഗിക്കുന്നത., എന്നാൽ മാനന്തവാടി ജില്ലാ ആശുപത്രിയിൽ രക്തം സ്‌ക്രീൻ ചെയ്യുന്നതിന് ഏറ്റവും നൂതന സാങ്കേതിക വിദ്യായായ എൻ ഹാൻസ്ഡ് കെമിലൂമി നൈസെൻസ് ആണ് ഉപയോഗിക്കുന്നത്. ഇതുവഴി ഏറ്റവും സുരക്ഷിതമായ രക്തം രോഗികൾക്ക് നൽകാൻ സാധിക്കും, ഈ സാങ്കേതികവിദ്യഉപയോഗിക്കുന്ന കേരളത്തിലെ ഏക ജില്ലാ ആശുപത്രി കൂടിയാണ് വയനാട്ടിലേത്.