img202007
ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പോക്കറ്റ് ഡയറി നൽകി മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ വിതരണം ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കൊവിഡിനെ ചെറുക്കാൻ സോപ്പ്, മാസ്ക് എന്നിവയ്ക്കൊപ്പം പോക്കറ്റ് ഡയറി കൂടി കരുതണമെന്ന് മുക്കം നഗരസഭ. ഡയറി നഗരസഭ നൽകും. പോക്കറ്റിലിടുന്നവർ പോകുന്ന സ്ഥലങ്ങൾ, സഞ്ചരിച്ച വാഹനം, ഇടപെട്ട വ്യക്തികൾ എന്നിവ ഡയറിയിൽ രേഖപ്പെടുത്തണമെന്ന് മാത്രം. കൊവിഡ് പോസിറ്റീവ് കേസുകൾ നഗരസഭയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ''പോക്കറ്റിലൊരു ഡയറി "എന്ന ആശയവുമായി നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് രംഗത്തെത്തിയത്. സമ്പർക്കം കണ്ടെത്താനും റൂട്ട് മാപ്പുകൾ തയ്യാറാക്കാനും ഡയറി കുറിപ്പ് പ്രയോജനപ്പെടുമെന്നാണ് അധികൃതർ കരുതുന്നത് . വ്യാപാരികൾ, മത്സ്യവിൽപ്പനക്കാർ, കയറ്റിറക്ക് തൊഴിലാളികൾ, വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർ, പൊലീസ്, ഫയർഫോഴ്സ്, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർക്കാണ് നഗരസഭ ഡയറി നൽകുന്നത്. ഓട്ടോ ഡ്രൈവർമാർക്ക് ഡയറി നൽകി നഗരസഭ ചെയർമാർ വി.കുഞ്ഞൻ വിതരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ലീല, കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺ ബിന്ദു, കൗൺസിലർ പി.ബ്രിജേഷ്, സെക്രട്ടറി എൻ.കെ.ഹരീഷ് എന്നിവർ പങ്കെടുത്തു.