കേരളത്തിൽ ആത്മഹത്യകൾ പെരുകിയ ഒരു കാലമുണ്ടായിരുന്നു. ചെറിയ മാനസിക സംഘർഷങ്ങളെ പോലും അതീജീവിക്കാൻ കഴിയാതെ മരണത്തിന് കീഴടങ്ങിയവർ. ലക്ഷത്തിൽ 32 പേരെങ്കിലും മരണമാണ് പരിഹാരമെന്ന് കണ്ടെത്തി. എന്നാൽ മരണത്തിലേക്ക് നടന്നടുക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചു നടത്താനുള്ള ദൗത്യം ഡോ.പി.എൻ.സുരേഷ് കുമാർ എറ്റെടുത്തു. തൃശൂരിൽ നിന്ന് കോഴിക്കോടിന്റെ മരുമകനായി എത്തിയ ഡോക്ടർ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് തണൽ സൂയിസൈഡ് പ്രിവന്റീവ് സെന്റർ തുടങ്ങി. സംസ്ഥാനത്തെങ്ങും തണലിന്റെ പ്രവർത്തനം ചർച്ചയായി.കേരളത്തിലെ ആത്മഹത്യാ നിരക്ക് 22ലേക്ക് ചുരുങ്ങി. പതിനാറ് വർഷങ്ങൾക്കിടെയുണ്ടായ മാറ്റം ഇത്തരം ഇടപെടലുകളുടെ ഭാഗമായിരുന്നെന്ന് ഡോ.സുരേഷ് കുമാർ അഭിമാനത്തോടെ ഓർക്കുന്നു. ഇക്രയിലും കെ.എം.സി.ടിയിലും സൈക്കാട്രിസ്റ്റും പ്രൊഫസറുമായി പ്രവർത്തിക്കുമ്പോഴും താളം തെറ്റിയ മനസുകൾക്ക് തണലൊരുക്കി. മലാപ്പറമ്പിലെ അനാഥാലയത്തിലും വെള്ളിമാട്കുന്നിലെ ജുവനൈൽ ഹോമിലും സ്ഥിരം സാന്നിദ്ധ്യമാണ് ഇന്നും ഡോ.സുരേഷ് കുമാർ. 1998 ത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ആത്മഹത്യ പ്രതിരോധ ക്ലിനിക്കിന്റെ ചുമതല ഏറ്റെടുക്കുന്നതോടെയാണ് മാനസികരോഗ ചികിത്സാ രംഗത്ത് സജീവമാവുന്നത്. ഇന്റർ നാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷന്റെ സിങ്കപ്പൂരിൽ നടന്ന സമ്മേളനം നാട്ടിലും ഒരു അസോസിയേഷൻ രൂപീകരണത്തിന് പ്രചോദനമായി.
@ സൈക്യാട്രിയിലേക്ക്
മാനസികാരോഗ്യ ചികിത്സാ രംഗത്തെ പ്രമുഖനായ ഡോ.സുരേഷ് കുമാറിന്റെ എം.ബി.ബി.എസ് പഠനം തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് ഡി.പി.എമ്മും റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ നിന്ന് എം.ഡി ബിരുദവുമെടുത്തു. തുടർന്ന് ഉപരിപഠനത്തിൽ ഡി.എൻ.ബി (നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ്, ന്യൂഡൽഹി ), പിഎച്ച്.ഡി (കാലിക്കറ്റ് സർവകലാശാല). എം.ആർ.സി സൈക്യാട്രി (റോയൽ കോളേജ് ഓഫ് സൈക്യാട്രി , ലണ്ടൻ ) എന്നിവയും നേടി.
പെരിഞ്ചേരി എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും. തലോർ ദീപ്തി സ്കൂളിൽ ഹൈസ്കൂൾ പഠനവും . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനത്തിന് ശേഷമാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നത്. പഠനകാലത്ത് മാനസികാരോഗ്യ ചികിത്സയിലേക്ക് എത്താൻ ചില കാരണങ്ങളുണ്ട്.എം.ബി.ബി.എസിന് പഠിക്കുമ്പോൾ നിംഹാൻസിനോട് പ്രത്യേക താത്പര്യം ഉണ്ടായിരുന്നു. നാലാം വർഷത്തിൽ എത്തിയപ്പോൾ ഡോ. അരുൺ കിഷോർ, ഡോ. ആൽബർട്ട് മൈക്കിൾ എന്നിവരുടെ ക്ലാസുകൾ വലിയ പ്രചോദനമായി. ഡി.പി.എം ചെയ്യുന്ന തിനിടെ ഡോ.മനോജ് കുമാർ എന്നയാളുമായുണ്ടായ പരിചയത്തിലൂടെ റാഞ്ചിയിലെത്തി.
@ അംഗീകാരങ്ങളും രചനകളും
ആതുരസേവനത്തിനിടെ ഒട്ടേറെ അംഗീകാരങ്ങളും ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം, ഐ.എം.എയുടെ ബെസ്റ്റ് റിസർച്ച് അവാർഡ് എന്നിങ്ങനെ നീളുന്നു അംഗീകാരങ്ങൾ. ആത്മഹത്യകളെ കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. നൂറോളം ലേഖന പരമ്പരകൾ പ്രസിദ്ധീകരിച്ച ഇദ്ദേഹം പി.എച്ച്.ഡി ഗൈഡ് കൂടിയാണ്. ഐ.എം.എയുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും സ്റ്റേറ്റ് മെന്റൽ ഹെൽത്ത് കമ്മിറ്റി കൺവീനറുമാണ്. നേരത്തെ ഐ.എം.എയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കുട്ടികളും മാനസിക പ്രശ്നവും, മനോരോഗത്തെ മനസിലാക്കാം, ഇന്റർനെറ്റ് അഡിക്ഷൻ, മലയാളിയും മദ്യപാനവും, പഠനം പാൽപായസം പോലെ, കൗമാരക്കാരുടെ മനശാസ്ത്രം, എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
@ തിരഞ്ഞെടുത്തത് ജോലി
അയർലൻഡിലേക്ക് പോകാനുള്ള അവസരവും പി.എസ്.സി നിയമനവും ഒരേ ദിവസമായിരുന്നു.അവസാനം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ജോലി തിരഞ്ഞെടുത്തു. 1996 ഫെബ്രുവരിയിലായിരുന്നു നിയമനം. നവംബറിൽ കോഴിക്കോടേക്ക് സ്ഥലം മാറി. 2001 വരെ കോഴിക്കോടായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക് പോയെങ്കിലും മൂന്ന് മാസങ്ങൾക്ക് ശേഷം ഇംഹാൻസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ തിരികെയെത്തി. വീണ്ടും തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നതോടെ സർക്കാർ ജോലി ഉപേക്ഷിച്ചു. തണൽ അടക്കമുള്ള സംഘടനകളുടെ ചുമതലകൾ വഹിക്കുന്നതിനാൽ സർക്കാർ സേവനം അവസാനിപ്പിക്കുകയായിരുന്നു.
@ നാടകമെന്ന മരുന്ന്
രണ്ട് മണിക്കൂർ പ്രസംഗിക്കുന്നതിനേക്കാൾ ജനത്തിനിഷ്ടം കലാരൂപത്തിൽ അവതരിപ്പിക്കുന്നതാണ്. നാടകമാണ് അതിനായി തിരഞ്ഞെടുക്കുന്ന മാർഗം. നാടകവുമായി ഒരു പൊക്കിൾ കൊടി ബന്ധവും ഡോക്ടർക്കുണ്ട്. സഹോദരൻമാരായ ജയകുമാറും ശശിധരനും മുരളീധരനും നാടകക്കാരായിരുന്നു. ജന്മനാടായ പെരിഞ്ചേരിയിൽ ബാപ്പുജി കലാസമിതിയും ഇവർ നടത്തിയിരുന്നു. പഞ്ചായത്ത് ഓണാഘോഷത്തിന് നാടകവുമായി പോകുന്നതായിരുന്നു പഴയ കാല ഓർമ്മ.ടി.ജി രവി ഇവരുടെ എതിർ ഗ്രൂപ്പിലായിരുന്നു. മാനസികാരോഗ്യ ബോധവത്കരണത്തിന് ഇന്നും നാടകത്തെയാണ് ആശ്രയിക്കുന്നത്. സംവിധായകനായ രത്നാകരന്റെ സഹായത്തോടെയാണ് നാടകം ഒരുക്കുന്നത്. പ്രശസ്ത മജീഷ്യൻ പ്രദീപ് ഹുഡിനോയുടെ മാജിക്കും കാമ്പയിനുകൾക്കായി ഉപയോഗിക്കുന്നു.
@ തണലും ചികിത്സയും
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഫ്രൻഡേഴ്സ് ഇന്ത്യയുടെ ആശീർവാദത്തോടെ 2001 നവംബർ ഒന്നിനാണ് തണൽ സൂയിസൈഡ് പ്രിവൻഷൻ സെന്റർ ആരംഭിക്കുന്നത്. കോഴിക്കോട്ടെ സെന്ററിൽ 40 വളണ്ടിയർമാർക്ക് പരിശീലനം നൽകുന്നു. ആത്മഹത്യ പ്രവണത കാട്ടുന്നവരെ എങ്ങനെ തിരിച്ചറിയാം, എങ്ങനെ പ്രതിരോധിക്കാം എന്നതാണ് പരിശീലനം. പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ കേൾക്കാൻ ഒരാളുണ്ടാവുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഫീസില്ലാതെ ഇത്തരം സേവനം പ്രയോജനപ്പെടുത്താനാകും. ദിവസം പതിനഞ്ചോളം പേരാണ് സഹായം തേടി എത്തുന്നത്.
ചികിത്സയിലെ നൂതന സങ്കേതങ്ങളുപയോഗിച്ചാണ് പരിചരണം.നേരത്തെ മരുന്നുകൾ കുറവായിരുന്നു. എന്നാൽ ഇന്ന് പ്രത്യാഘാതം കുറവായ മരുന്നുകളിലൂടെ രോഗ കാരണത്തെ ചികിത്സിക്കാനാകുമെന്ന് ഡോ.സുരേഷ് കുമാർ പറയുന്നു. വൈദ്യുതി കടത്തി വിട്ട് തലച്ചോറിൽ ചലനമുണ്ടാക്കുന്ന (ഇ.സി.ടി) രീതിക്ക് പകരം അനസ്തീഷ്യയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.
മോഡിഫൈഡ് ഇലക്ട്രോ കൺവൽഷൻ െതറാപ്പി (ഇ.സി.ടി) ഇന്നത്തെ ചികിത്സയുടെ സവിശേഷതയാണ്. ബിഹേവിയറൽ ന്യൂറോളജി എന്ന ആശയമൊക്കെ നടപ്പാക്കി വരുന്നു. അമേരിക്കൻ സൈക്കാട്രിക് അസോസിയേഷന്റെ ചികിത്സാ മാർഗരേഖയാണ് പിൻതുടരുന്നത്. മാനസിക രോഗ ചികിത്സ കൂട്ടായ ഇടപെടലാണെന്ന് ഡോക്ടർ പറയുന്നു. മരുന്നിനൊപ്പം ബന്ധുക്കളെയും ബോധവത്കരിക്കണം.
സ്ക്രീസോഫ്രീനിയ പോലെ പൂർണ്ണമായി മാറാത്ത പ്രശ്നങ്ങളുമുണ്ട്. പരിമിതികൾ മറികടന്ന് കാര്യങ്ങൾ ചെയ്യാനുള്ള ശേഷി രോഗിയിൽ ഉണ്ടാക്കിയെടുക്കലും ചികിത്സയുടെ ഭാഗമാണ്. കൃത്യമായി മരുന്ന് തുടരാനുള്ള ഇടപെടലും ആവശ്യമാണ്. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നതും മാനസികാരോഗ്യ ചികിത്സയിൽ മാത്രമാണ്.
@ കുടുംബം
തൃശൂരിലെ പെരിഞ്ചേരിയിൽ പട്ടത്ത് ആത്രപറമ്പിൽ പി.ജി നാരായണ എഴുത്തച്ഛന്റെയും ഉമാദേവിയുടെയും ഏഴ് മക്കളിൽ അവസാനത്തെയാളായാണ് ഡോ.സുരേഷ് കുമാർ ജനിച്ചത്. ഭാര്യ ഡോ.രാധിക എം.കെ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സൈക്കാട്രിസ്റ്റാണ്. കൊച്ചി മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ രോഹിത് സുരേഷ്, മലബാർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി ലാവണ്യ സുരേഷ് എന്നിവർ മക്കൾ. മെഡിക്കൽ വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് സ്വദേശിനിയായ ഡോ.രാധികയെ വിവാഹം ചെയ്തതോടെയാണ് കോഴിക്കോട് കർമ്മ മണ്ഡലമായി തിരഞ്ഞെടുത്തത്.