കോഴിക്കോട് : കൊവിഡ് മരണനിരക്ക് നിയന്ത്രിക്കുന്നതിന് കോഴിക്കോട് ആസ്റ്റർ മിംസിൽ റിവേഴ്‌സ് ക്വാറന്റൈൻ സംവിധാനം ഒരുങ്ങി. 65 വയസിന് മുകളിൽ പ്രായമായവർക്കാണ് റിവേഴ്‌സ് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നത്. അസുഖം വന്ന് ചികിത്സിക്കുന്നതിനേക്കാൾ വരാതെ സൂക്ഷിക്കുന്ന രീതിയാണ് റിവേഴ്‌സ് ക്വാറന്റൈൻ. ജർമ്മനി ഉൾപ്പെടെ ചില യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം ശക്തമായിട്ടും റിവേഴ്‌സ് ക്വാറന്റൈൻ നടപ്പാക്കിയതിനാൽ മരണ നിരക്ക് കുറഞ്ഞു.
മൂന്ന് രീതിയിലാണ് റിവേഴ്‌സ് ക്വാറന്റൈൻ. ആദ്യത്തേത് വീട്ടിൽ ക്വാറന്റൈനിൽ കഴിയുക എന്നതാണ്. ഇത്തരം ആളുകൾക്ക് ഡോക്ടർമാരുടെ നേതൃത്വത്തിൽ ആവശ്യമായ മെഡിക്കൽ പരിചരണവും അനുബന്ധ സേവനങ്ങളും ആസ്റ്റർ സീനിയർ റിവേഴ്‌സ് ക്വാറന്റൈനിന്റെ ഭാഗമായി നൽകും.
ഹോട്ടലുകളിൽ റിവേഴ്‌സ് ക്വാറന്റൈനാണ് രണ്ടാമത്തേത്. ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളുമായി സഹകരിച്ച് റിവേഴ്‌സ് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളിൽ കഴിയുന്നവർക്ക് ആസ്റ്റർ മിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യസഹായം ഉൾപ്പെടെയുള്ള സേവനങ്ങൾ പൂർണ സമയം ഉറപ്പ് വരുത്തും.
പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം മുതലായ രോഗങ്ങളുള്ളവർക്ക് ആശുപത്രിയിൽ റിവേഴ്‌സ് ക്വാറന്റൈൻ സ്വീകരിക്കുന്ന രീതിയാണ് മൂന്നാമത്തേത്. പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ ഏരിയയിലാണ് താമസം ഒരുക്കുക.
ഇന്ത്യയിൽ ആദ്യമായാണ് റിവേഴ്‌സ് ക്വാറന്റൈൻ സംവിധാനം ലഭ്യമാകുന്നത്. ഇതിനാവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും ഒരുക്കിയതായും ഇന്ന് മുതൽ റിവേഴ്‌സ് ക്വാറന്റൈൻ ആരംഭിക്കുമെന്നും ആസ്റ്റർ മിംസ് സി.ഇ.ഒ ഫർഹാൻ യാസിൻ പറഞ്ഞു.