കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ മൂന്ന് വിചാരണത്തടവുകാർക്കായി മെഡിക്കൽ കോളേജ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
ബേപ്പൂർ ചെറുപുരക്കൽ അബ്ദുൽ ഗഫൂർ (40), താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖ് (29), എറണാകുളം മട്ടാഞ്ചേരി ജൂതപ്പറമ്പിൽ നിസാമുദ്ദീൻ (24) എന്നിവരാണ് ചാടിപ്പോയ തടവുപുള്ളികൾ. കഞ്ചാവ് കേസുകളിൽ പ്രതികളായ ഇവരിൽ നിസാമുദ്ദീനെതിരെ കൊലക്കേസുമുണ്ട്. മൂന്നു പേരെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് ജയിലിൽ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായിരുന്നു. ബന്ധുക്കളുടെ അഭാവത്തിൽ പൊലീസ് ആശുപത്രിയിലെത്തിച്ച മലപ്പുറം താനൂർ അട്ടത്തോട് ഷഹൽ ഷാനുവും (25) ഇവർക്കൊപ്പം ചാടിപ്പോയിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഏഴരയോടെ ഭക്ഷണം നൽകുന്നതിനിടെയാണ് നാലു പേരും പൊലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരന്റെയും കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.
പൂട്ടിയിട്ട ബൈക്കുകൾ മോഷ്ടിക്കുന്നതിൽ നിസാമുദ്ദീൻ വിദഗ്ദനാണെന്നിരിക്കെ ഇവർ ഏതെങ്കിലും വണ്ടികൾ കവർന്ന് സ്ഥലം വിട്ടിരിക്കാമെന്ന് സംശയിക്കുന്നുണ്ട്.
മാനസികാരോഗ്യ കേന്ദ്രത്തിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലോ (ഫോൺ: 0495 2357691) സ്റ്റേഷൻ ഹൗസ് ഓഫീസറെയോ (94979 87180) അറിയിക്കണം.