കൽപ്പറ്റ: കഴിഞ്ഞ 17 വർഷമായി കൽപ്പറ്റയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ മരുന്നുകൾ നൽകി. സി.കെ ശശീന്ദ്രൻ എം.എൽ.എയും നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷും ചേർന്ന് മരുന്നുകൾ പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്ക് കൈമാറി. 2003 ൽ ആരംഭിച്ച സൊസൈറ്റി തുടക്കത്തിൽ കാൻസർ രോഗികൾക്ക് ഹോം കെയർ മാത്രമാണ് നൽകിയിരുന്നത്. പിന്നീട് മുഴുവൻ കിടപ്പ്‌രോഗികളേയും ഉൾപ്പെടുത്തി വിപുലീകരിച്ചു. 2012 മുതൽ കിഡ്നി രോഗികൾക്ക് ഡയാലിസിസ് നൽകുന്നുണ്ട്. നിലവിൽ 140 കാൻസർരോഗികൾ, 40 കിഡ്നിരോഗികൾ, 36 മാനസികരോഗികൾ ഉൾപ്പെടെ 286 രോഗികൾക്ക് ഇവിടെ ചികിത്സ നൽകുന്നുണ്ട്.
ചടങ്ങിൽ ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി ഗഫൂർ താനേരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി.എസ് ബാബു അദ്ധ്യക്ഷനായിരുന്നു. നഗരസഭ വൈസ് ചെയർമാൻ ഡി.രാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.അജിത, കൗൺസിലർമാരായ പി.പി.ആലി, എ.പി.ഹമീദ്, വി.ഹാരിസ്, ശ്രീ.കെ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.