കൽപ്പറ്റ: ജില്ലാ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗിക്ക് കൂടി പ്ലാസ്മ ചികിത്സ നൽകി. പേര്യ സ്വദേശിയായ 46 കാരനാണ് പ്ലാസ്മ നൽകിയത്. ജൂലൈ 21 ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പി നൽകിയതിനുശേഷം പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

ജില്ലയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനാകുന്ന രണ്ടാമത്തെ ആളാണ് പേര്യ സ്വദേശി. കഴിഞ്ഞ ദിവസം തൊണ്ടർനാട് സ്വദേശിയായ യുവാവിന് പ്ലാസ്മ നൽകിയിരുന്നു.

ശിലാസ്ഥാപനം നടത്തി

പടിഞ്ഞാറത്തറ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഉഷാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സിന്ധു പുറത്തൂട്ട്, പി.ജി. സജേഷ്, എക്സിക്യുട്ടീവ് എഞ്ചിനിയർ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രം)

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്ഷനിലെ കൊച്ചേട്ടൻകവല ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കൽപ്പറ്റ സെക്ഷൻ പരിധിയിലെ ചുഴലി, കെ.എസ്.ആർ.ടി.സി ഗ്യാരേജ് ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും