*65 ന് മുകളിൽ പ്രായമുള്ളവർ കച്ചവടം ചെയ്യാനോ കടകളിൽ ജോലിക്ക് നില്കാനോ പാടില്ല*
*ടർഫുകൾ, ഇൻഡോർ കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കളികൾ നിരോധിച്ചു*
കൽപ്പറ്റ: ജില്ലയിൽ കൊവിഡ് രോഗബാധ വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങൾ.
ജില്ലയിൽ 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കച്ചവടം ചെയ്യാനോ കടകളിൽ ജോലിക്ക് നില്കാനോ പാടില്ല. താലൂക്ക് തലത്തിലുള്ള പരിശോധനാ സ്‌ക്വാഡുകൾ ഇവരെ പ്രത്യേകം പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഇവരുടെ അതിജീവനത്തിനാവശ്യമായ സഹായം അതത് തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ ആവശ്യമെങ്കിൽ കുടുംബശ്രീ മിഷൻ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുമായി ചേർന്ന് പ്രത്യേകം ശ്രദ്ധ പതിപ്പിച്ച് നൽകേണ്ടതാണ്.
ജില്ലയിൽ ടർഫുകൾ, ഇൻഡോർ കളി സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കളികൾ നിരോധിച്ചു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം സ്ഥലങ്ങളിൽ പ്രത്യേകം പരിശോധന നടത്തേണ്ടതും നിയമലംഘനം കണ്ടാൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
*ആരോഗ്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് സ്‌ക്വാഡ്*
ജില്ലയിൽ സർക്കാർ സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ, ലബോറട്ടറികൾ, സ്‌കാനിംഗ് സെന്ററുകൾ എന്നീ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് നിഷ്‌കർഷിച്ച ഇൻഫെക്ഷൻ കൺട്രോൾ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി സ്ഥാപനങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി ക്വാളിറ്റി കൺട്രോൾ സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
ഡോ. റഷീദ് (ഗൈനക്കോളജിസ്റ്റ് ജി.എച്ച് മാനന്തവാടി) ടീം ലീഡറും ഡോ. ശ്രീലേഖ (ജി.എച്ച് മാനന്തവാടി), ഡോ. സയിദ് (മെഡിക്കൽ ഓഫീസർ, വെള്ളമുണ്ട), ജോജിൻ ജോർജ്ജ് (ജില്ലാ ക്വാളിറ്റി ഓഫീസർ), സ്വപ്ന അനു ജോർജ് (ജില്ലാ ബയോ മെഡിക്കൽ ഓഫീസർ) എന്നിവർ അംഗങ്ങളുമാണ്.
സ്‌ക്വാഡ് ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും പരിശോധിച്ച് 28 നകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം. കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ നിതാന്ത ജാഗ്രത ആവശ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ്.