പരിശോധനാ ഫലം 3 മണിക്കൂറിനുള്ളിൽ

സുൽത്താൻ ബത്തേരി: ബത്തേരി താലൂക്ക് ആശുപത്രി വൈറോളജി ലാബിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ ഐ.സി.എം.ആറിന്റെ അംഗീകാരത്തോടുകൂടിയുള്ള കൊവിഡ് സ്രവ പരിശോധന ഉടൻ ആരംഭിക്കും. പി.സി.ആർ മെഷീനറിയും മറ്റും ലാബിൽ സജ്ജീകരിച്ചുകഴിഞ്ഞു. സാങ്കേതിക വിദഗ്ധരും ഡോക്ടർമാരും സജ്ജമായിക്കഴിഞ്ഞു. അന്തിമമായി ഐ.സി.എം.ആറിന്റെ അനുവാദം കൂടി കിട്ടിയാൽ ലാബിൽ സ്റവ പരിശോധന തുടങ്ങും.
നിലവിൽ ജില്ലയിൽ നിന്നുള്ള കൊവിഡ് 19 സ്റവ പരിശോധന ജില്ലയ്ക്ക് പുറത്ത് നിന്നാണ് നടത്തിവന്നിരുന്നത്. ഇത് പരിശോധന ഫലങ്ങൾ വൈകുന്നതിന് കാരണമാകുകയും പ്രതിസന്ധി സൃഷ്ടി​ക്കുകയും ചെയ്തിരുന്നു. നിരീക്ഷണകാലം കഴിഞ്ഞ ആളുകൾക്ക് പരിശോധന ഫലം പെട്ടന്ന് അറിഞ്ഞ് അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സാധിക്കാത്ത സ്ഥിതിവിശേഷവും രോഗലക്ഷണമില്ലാതിരുന്നിട്ടും പരിശോധനഫലം വരുമ്പോൾ പലരും രോഗബാധിതരാകുന്ന സ്ഥി​തി​യും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ബത്തേരിയിലെ ലാബിൽ സ്റവ പരിശോധന നടത്തുന്നതിന്‌വേണ്ട നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചത്.
നിലവിൽ ട്രൂനാറ്റ് പരിശോധന സൗകര്യമുള്ള ഇവിടെ പി.സി.ആർ മെഷിനറീകൂടി വരുന്നതോടെ ഒരു ദിവസം ഇരുനൂറോളം പേരുടെ സ്റവ പരിശോധനാ ഫലം പുറത്ത് വിടാനാകും .തുടക്കത്തിൽ രണ്ട് ഷിഫ്റ്റുകളിലായി 96 സ്റവ സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിക്കുക. ഒരു ഷിഫ്റ്റിൽ നാല് ടെക്നീഷ്യൻമാരും ഒരു റിസർച്ച് ഓഫീസറുമടക്കം അഞ്ച്‌ പേരാണ് ഉണ്ടാവുക. ശ്രവ പരിശോധനയുടെ ഫലം മൂന്ന് മണിക്കൂർ കൊണ്ട് കിട്ടും.
എമർജൻസി ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസുകളിലും അസ്വഭാവിക മരണങ്ങളിലും ട്രൂനാറ്റിലൂടെ കൊവിഡ് ടെസ്റ്റ് ഇവിടെ നടത്തിവരുന്നുണ്ട്. ഇവയ്ക്ക് പുറമെ കുരങ്ങ് പനിക്കുള്ള കെ.എഫ്.ഡി. പരിശോധന വൈറോളജി ലാബിൽ നടക്കുന്നുമുണ്ട്.

പി.സി.ആർ മെഷീൻ ലാബിൽ സജ്ജീകരിച്ചതോടെ ലാബ് സമ്പൂർണമായും കാര്യക്ഷമമാവും. കൊവിഡ് 19 സ്റവ പരിശോധനയ്ക്കുള്ള അനുമതി കിട്ടിയാലുടൻ തന്നെ ലാബിന്റെ ഉദ്ഘാടനം നടക്കും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐ.സി.എം.ആറിന്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് കരുതുന്നത്.

നൂൽപ്പുഴ ആശുപത്രിയിലെത്തിയ

2 പേർക്ക് കൊവിഡ്‌ ലക്ഷണം
ഡോക്ടർ ഉൾപ്പെടെ നിരീക്ഷണത്തിൽ


സുൽത്താൻ ബത്തേരി: ഈ മാസം 11 നും 16 നും നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം സന്ദർശിച്ച രണ്ട്‌ പേർക്ക് കൊവിഡ്‌ പൊസിറ്റീവ് ആയി. രോഗലക്ഷണം കണ്ടതിനെ തുടർന്ന് ആ ദിവസം ആരോഗ്യകേന്ദ്രത്തിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽപോയി.

ഈ ദിവസങ്ങളിൽ ആരോഗ്യകേന്ദ്രം സന്ദർശിച്ചവർ സ്വമേധയാ നീരിക്ഷണത്തിൽ പോവേണ്ടതാണെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രി അധികൃതരെ ഫോണിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
11 ന് ആരോഗ്യകേന്ദ്രത്തിലെത്തിയ മാതമംഗലം സ്വദേശിയായ 46 കാരിക്കും 16 ന് എത്തിയ 73 കാരനുമാണ് കോഴിക്കോട് വെച്ച് കൊവിഡ് പരിശോധനയിൽ രോഗ ലക്ഷണം കണ്ടത്. ഇതിൽ ഒരാൾ കാൻസർ രോഗബാധിതനും മറ്റെയാൾ ഹൃദയസംബന്ധമായ അസുഖമുള്ള ആളുമാണ്. ഇവർ കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിൽസ നടത്തിവന്നിരുന്നവരാണ്. ഹൃദയസംബന്ധമായ രോഗം വർദ്ധിച്ചതിനെ തുടർന്ന് 73 കാരനെ 16 ന് നൂൽപ്പുഴ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് വിദഗ്ധ ചികിൽസയ്ക്കായാണ് കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോയത്. ഇവിടെ വെച്ചാണ് കൊവിഡ്‌ സ്ഥിരികരിച്ചത്.

ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറും സ്റ്റാഫും ഉൾപ്പെടെയുള്ളവരുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ്‌ രോഗലക്ഷണങ്ങൾ കാണിച്ച രണ്ട്‌പേർക്കും കോഴിക്കോട് നിന്നാണോ രോഗം പകർന്നതെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
രോഗലക്ഷണം കാണിച്ച ആളുകളുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. രോഗ ലക്ഷണം കണ്ട ആളുകൾ താമസിക്കുന്ന പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി.

രോഗവ്യാപനം തടയുന്നതിനായി കൊവിഡ് നിബന്ധന എല്ലാവരും കർശനമായി പാലിക്കണമെന്ന് നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ശോഭൻകുമാർ അഭ്യർത്ഥിച്ചു.


നാല് വാർഡുകൾ കണ്ടെയ്‌മെന്റ്‌ സോണാക്കാൻ നിർദ്ദേശം
നായ്ക്കട്ടി: നൂൽപ്പുഴ പഞ്ചായത്തിലെ രണ്ട്‌ പേർക്ക് കൊവിഡ്‌ പോസിറ്റീവായതോടെ പഞ്ചായത്തിലെ നാല് വാർഡുകളെ കണ്ടെയ്‌മെന്റ്‌ സോണുകളാക്കാൻ നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ജില്ലാ കലക്ടറോട് നിർദ്ദേശിച്ചു. മണ്ണൂർകുന്ന് ,തേലമ്പറ്റ, നായ്‌ക്കെട്ടി, മൂലങ്കാവ് എന്നീ വാർഡുകളാണ് കണ്ടെയ്‌മെന്റ്‌ സോണിന്റെ പരിധിയിൽ വരുക.