achuthannair
അച്യുതൻ നായർ


കോഴിക്കോട്: ടാറ്റാ എൻജിനിയറിംഗ് ആൻഡ് ലോക്കൊമൊട്ടീവ് (ടെൽകോ) റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ കുനിയേടത്ത് അച്യുതൻ നായർ (87) നിര്യാതനായി. ഡൽഹി മലയാളി സാഹിത്യ സാംസ്‌കാരിക മേഖലകളിൽ നാലര ദശാബ്ദത്തോളം സജീവ സാന്നിദ്ധ്യമായിരുന്നു. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശിയാണ്.

സുഹൃദ്‌വലയത്തിൽ ടാറ്റാ നായർ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂതിരി കോളജിലെ പഠനം കഴിഞ്ഞ് 1950-ലാണ് ഡൽഹിയിൽ ജോലിയിൽ പ്രവേശിച്ചത്. 45 വർഷം നീണ്ട ഡൽഹി വാസത്തിനിടയിൽ കഥകളിയുടെ പ്രചാരണത്തിനായി ഇന്റർനാഷനൽ അസോസിയേഷൻ ഫോർ കഥകളി സ്ഥാപിച്ചു. രാമു കാര്യാട്ട്, സക്കറിയ, എം.മുകുന്ദൻ, ഓംചേരി, ലീലാ ഓംചേരി എന്നിവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മലയാളി ഫിലിം സൊസൈറ്റിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ' അഭ്രം' സിനിമാ മാസികയുടെ പത്രാധിപരുമായിരുന്നു.
'ടെൽകോ'യിൽ നിന്ന് വിരമിച്ച് മടങ്ങിയെത്തിയ ശേഷം നാട്ടിലും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചെറുവറ്റയിലെ സായ് സേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഈസ്റ്റ് പറമ്പിൽ സമന്വയ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ രക്ഷാധികാരിയായിരുന്നു.

ഭാര്യ: വി.പി.ദേവകി അമ്മ. മകൻ: സുധീർ എ.നായർ (വോളോ, ബംഗളൂരു) മരുമകൾ: അഡ്വ. അർച്ചന.