news
കേരളകൗമുദിയിൽ ജൂലായ് 4ന് വന്ന രോഹിത്ത് തയ്യിലിന്റെ ഫോട്ടോ

കോഴിക്കോട്: യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ ഓട വ്യത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ചുവെന്നതിന് കോഴിക്കോട് കോർപ്പറേഷന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചു.

കനത്ത മഴയ്ക്കിടെ ജൂലായ് ആദ്യം മാവൂർ റോഡിലെ ഓട വൃത്തിയാക്കാൻ പ്രത്യേകിച്ച് സുരക്ഷാ ഉപകരണങ്ങൾ നൽകാതെ നഗരസഭ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. മേയറുടെയും നഗരസഭാ സെക്രട്ടറിയുടെയും മേൽനോട്ടത്തിലായിരുന്നു ശുചീകരണയജ്ഞം. മാദ്ധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ നടപടികളിലേക്ക് പ്രവേശിച്ചത്.

വിഷയം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിനിടയിൽ ഇത്തരത്തിൽ ജീവനക്കാരെ നിയോഗിച്ചത് തീർത്തും തെറ്റാണ്. ജീവിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണെന്നും അതിന്റെ ലംഘനമാണ് ഇവിടെ സംഭവിച്ചതെന്നും കമ്മിഷൻ ചൂണ്ടിക്കാണിച്ചു.