dribing
ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ കാടുപിടിച്ച് നശിച്ച നിലയിൽ

കോഴിക്കോട്: ലോക്ക് ഡൗണിൽ അടഞ്ഞുപോയ ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാൻ നടപടി വൈകുന്നത് ഉടമകളെയും തൊഴിലാളികളെയും കൂടുതൽ പ്രതിസന്ധിയിലാക്കി. മാസങ്ങളായി ഓടാതെ കിടക്കുന്ന വാഹനങ്ങൾ പലതും കാട് പിടിച്ച് നാശത്തിന്റെ വക്കിലാണ്. ജില്ലയിൽ ആയിരത്തോളം ഡ്രെെവിംഗ് സ്‌കൂളുകളും നാലായിരത്തിലധികം തൊഴിലാളികളുമാണുളളത്. സർക്കാരിന്റെ ക്ഷേമ നിധികളിലൊന്നും ഉൾപ്പെടാത്ത വിഭാഗമായതിനാൽ അതുവഴിയുള്ള സഹായവും ഇവർക്കില്ല. അവധിക്കാലമായ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിരവധി വിദ്യാർത്ഥികൾ ഡ്രെെവിംഗ് പഠിക്കാൻ എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ കൊവിഡ് ഭീതിയിൽ പേരിന് പോലും ആരുമെത്തിയില്ല. പരിശീലനത്തിന് നിരവധി പേരാണ് ഇപ്പോൾ ഡ്രെെവിംഗ് സ്‌കൂളുകളെ സമീപിക്കുന്നത്. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ഡ്രെെവിംഗ് സ്‌കൂളുകൾക്ക് ബാധകമാവാത്തത് തിരിച്ചടിയാവുകയാണെന്ന് ഉടമകൾ പറയുന്നു.

ആയിരക്കണക്കിന് തൊഴിലാളികൾ തുച്ഛ വേതനത്തിൽ ജോലിചെയ്യുന്ന മേഖലയാണ് ഡ്രെെവിംഗ് സ്‌കൂളുകൾ. നാല് മാസം കഴിഞ്ഞിട്ടും ഇവരുടെ കാര്യത്തിൽ സർക്കാ‌‌ർ ഇടപെടാത്തതിൽ പ്രതിഷേധം കടുത്തിട്ടുണ്ട്. സെക്രട്ടറിയേ​റ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തിയിട്ടും ഫലമുണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് പ്രകാരം മാർച്ച് 11 മുതലാണ് ഡ്രെെവിംഗ് പരിശീലനം നിർത്തിവച്ചത്.