digital
ഡിജിറ്റൽ

കോഴിക്കോട് : ജില്ലാ വിദ്യാഭ്യാസ മിഷന്റെ നേതൃത്വത്തിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഇ - കണ്ടന്റ് പോർട്ടൽ വികസിപ്പിക്കുന്നു. പൂർണമായും അതത് ക്ലാസുകളിലെ ബന്ധപ്പെട്ട വിഷയങ്ങളുടെ അദ്ധ്യാപകർ വികസിപ്പിച്ചെടുത്ത ഉള്ളടക്കമാണ് എഡ്യൂ മിഷൻ പോർട്ടൽ വഴി ലഭ്യമാക്കുക. ആഗസ്റ്റ് ആദ്യവാരത്തോടെ ഒന്നാം ടേമിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉള്ളടക്കം അദ്ധ്യാപകർക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ലഭ്യമാക്കും.

ഡയറ്റ്, ജില്ലാ പഞ്ചായത്ത് എഡ്യൂ കെയർ വെബ് സൈറ്റുകൾ വഴിയും മൊബൈൽ ആപ്പ് വഴിയും സാമൂഹ്യ മാദ്ധ്യമ ലിങ്കുകൾ വഴിയും അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും ഉള്ളടക്കങ്ങൾ പ്രയോജനപ്പെടുത്താം. വിക്ടേഴ്‌സ് ചാനൽ വഴി നടന്നുവരുന്ന ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾക്കു സഹായകരമാകുന്ന രീതിയിൽ കൂടിയാണ് ഉള്ളടക്കങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

ഒന്നു മുതൽ 12 വരെ ക്ലാസുകളിലേക്കായി ഡിജിറ്റൽ ഉള്ളക്കം തയ്യാറാക്കുന്നതിന് 500 അദ്ധ്യാപകർ ഉൾപ്പെടുന്ന 16 കോർ ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), സമഗ്രശിക്ഷാ കോഴിക്കോട് എന്നിവ സംയുക്തമായാണ് അക്കാദമിക് പിന്തുണ നൽകുന്നത്. ഉള്ളടക്ക നിർമ്മാണത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്കായി പ്രത്യക ഡിജിറ്റൽ ശാക്തീകരണ കോഴ്‌സുകൾ തയ്യാറാക്കിയിരിക്കുന്നു. ആദ്യഘട്ടത്തിൽ ആറ് കോഴ്‌സുകളാണ്. ഒരു മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ ദൈർഘ്യമുള്ള ഓൺലൈൻ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.

എഡ്യൂ മിഷൻ പദ്ധതിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും എ.പ്രദീപ് കുമാർ എം.എൽ.എ നിർവഹിച്ചു. ഹയർ സെക്കൻഡറി അദ്ധ്യാപകർക്കായുള്ള ജില്ലാതല ഓൺലൈൻ പരിശീലകരുമായി ആശയവിനിമയം നടത്തിയായിരുന്നു ഉദ്ഘാടനം. അദ്ധ്യാപകർക്കുള്ള ഓൺലൈൻ കോഴ്‌സുകളുടെ ഉദ്ഘാടനവും സിഗ്‌നേച്ചർ വീഡിയോ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിച്ചു. ജില്ലാ കളക്ടർ സാംബശിവ റാവു പദ്ധതി വിശദീകരിച്ചു.

അസി. കളക്ടർ ശ്രീധന്യ സുരേഷ്, വിദ്യാഭ്യാസ ഉപഡയരക്ടർ വി.പി. മിനി, ഇഡാപ്പ് ക്ലാസ് റൂം സി.ഇ.ഒ ഉമർ അബ്ദുസലാം, ഡയറ്റ് സീനിയർ ലക്ചറർ യു.കെ. അബ്ദുനാസർ എന്നിവർ പങ്കെടുത്തു.