കോഴിക്കോട്: നഗരത്തിൽ തെരുവോര കച്ചവടത്തിന് നിരോധനം ഏർപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിനലാണ് ജില്ലാ ഭരണകൂടം നിരോധന ഉത്തരവിറക്കിയത്. ഇന്നലെ തൊട്ടുപിറകെ തന്നെ കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ച് തുടങ്ങി.

കൊവിഡ് പിടിമുറുക്കുമ്പോഴും നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ് തെരുവോര കച്ചവടം നടന്നിരുന്നത്. പഴം, പച്ചക്കറികൾ, ഭക്ഷണങ്ങൾ, ചെരുപ്പ്, പാത്രം തുടങ്ങി പലതും വില്പന നടത്തുന്നുണ്ടായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നു എത്തുന്ന ആവശ്യക്കാരെ പിന്നീട് തിരിച്ചറിയാൻ പോലും കഴിയില്ലെന്നിരിക്കെ, രോഗബാധയുണ്ടായാൽ സമ്പ‌ർക്കപ്പട്ടിക തയ്യാറാക്കാൻ പോലുമാവില്ല. ഇത്തരം കച്ചവടക്കാരുടെ വിവരങ്ങൾ കോർപ്പറേഷനിലുമില്ല. കുറഞ്ഞ വിലയിൽ സാധനങ്ങൾ കിട്ടുമെന്നതാണ് വഴിയോര കേന്ദ്രങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്നത്. പലരും തെരഞ്ഞു നോക്കുന്ന ഉത്പന്നങ്ങൾ ഒടുവിലൊരാൾ വാങ്ങുമ്പോഴേക്കും രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്.

വിലക്ക് വന്നതോടെ പതിവുകച്ചവടക്കാർ മാത്രമല്ല വെട്ടിലായത്. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് വഴിയോര കച്ചവടത്തിനിറങ്ങിയവരുടെയും ജീവിതം വഴിമുട്ടി. ഇങ്ങനെ അഞ്ഞൂറോളം പേർ നഗരത്തിൽ മാത്രം പുതുതായി കച്ചവടത്തിനെത്തിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ജീവിതം തിരിച്ചുപിടിക്കാൻ പാടുപെടുന്നതിനിടെയാണ് നിരോധന ഉത്തരവ് ഇവർക്കു ഇടിത്തീയായി മാറി.