news
തണ്ടപ്പുറത്തുമ്മൽ ഗംഗാധരൻ നായരുടെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ സങ്കടത്തിലായി. ചേന, ചേമ്പ്, വാഴ, മഞ്ഞൾ തുടങ്ങിയ വിളകൾ പന്നികൾ കൂട്ടമായെത്തി നശിപ്പിക്കുകയാണ്. ആറ് വർഷം പ്രായമായ തെങ്ങുകളും കുത്തി നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടങ്ങളിലിടുന്ന ചാണകത്തിലെ പുഴുക്കളെ തിന്നാനാണ് പന്നികളെത്തുന്നത്. തണ്ടപ്പുറത്തുമ്മൽ ഗംഗാധരൻ നായർ വീട്ടുവളപ്പിൽ കൃഷി ചെയ്ത ചേമ്പും ചേനയും തണ്ടപ്പുറത്തുമ്മൽ പ്രകാശൻ വീട്ടുവളപ്പിൽ കൃഷി ചെയ്ത ചേനയും പൂർണമായും നശിപ്പിച്ചു. കുടുംബശ്രീ ജെ.എൽ. ജി ഗ്രൂപ്പിന്റെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്. രാത്രിയിലാണ് പന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നത്. എരഞ്ഞോളി ഗോവിന്ദൻ തച്ചറോത്ത് താഴെ കൃഷി ചെയ്ത മരച്ചീനി, കല്പകശ്ശേരി ജയരാജൻ പുളിയാംപൊയിൽ പറമ്പിൽ കൃഷി ചെയ്ത ചേന, എരഞ്ഞോളി ബാലൻ നായർ, പുന്നോരൻ കണ്ടി ബലറാം, കേയക്കണ്ടി ബാലൻ എന്നിവരുടെ തെങ്ങുകളും പന്നികൾ നശിപ്പിച്ചിട്ടുണ്ട്. കാട്ടുപന്നികളുടെ താവളമായ ചെങ്ങോടുമലയിൽ ക്വാറി നടത്താൻ കാടുകൾ വെട്ടിത്തെളിച്ചതോടെയാണ് പന്നികൾ കൂട്ടമായി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ തുടങ്ങിയതെന്ന് കർഷകർ പറയുന്നു . മൂലാട് ഭാഗങ്ങളിലും പന്നി ശല്യം വ്യാപകമാണ്.