firstline

കോഴിക്കോട്: കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഒരുക്കേണ്ടുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണത്തിൽ ജില്ലയിൽ ലക്ഷ്യം കവിഞ്ഞു. ജൂലായ് 23 നകം ജില്ലയിലെ ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രങ്ങളിൽ സജ്ജമാക്കേണ്ടിയിരുന്നത് 4,400 കിടക്കകളാണ്. ഈ ലക്ഷ്യം മറികടന്ന് 5,646 കിടക്കകളാണ് വിവിധ കേന്ദ്രങ്ങളിലായി സജ്ജമായത്. 50 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ രോഗികളെ പാർപ്പിക്കാൻ പൂർണ സജ്ജമായിട്ടുണ്ട്. ദിവസങ്ങൾക്കകം എണ്ണായിരത്തോളം കിടക്കകൾ തയ്യാറാക്കാൻ കഴിയുന്ന പ്രവർത്തനമാണ് ജില്ലയിൽ നടക്കുന്നത്. ആശുപത്രികളിൽ ലഭിക്കുന്നപോലെ രോഗികൾക്ക് മരുന്ന്, ഭക്ഷണം തുടങ്ങിയവയെല്ലാം ചികിത്സാ കേന്ദ്രങ്ങളിൽ ലഭിക്കും. ഇവരുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിനായി ടി വി, പുസ്തകങ്ങൾ, കാരംസ് ബോർഡ്, ചെസ് ബോർഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഓരോ കേന്ദ്രങ്ങളിലേക്കും ആരോഗ്യപ്രവർത്തകരെയും നിയോഗിച്ചു കഴിഞ്ഞു. രോഗിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ ഒന്നോ അതിലധികമോ ആംബുലൻസുകൾ കേന്ദ്രങ്ങളിൽ ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രോഗികൾക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കുക. രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആകുന്ന പക്ഷം ആംബുലൻസിൽ ഇവരെ വീടുകളിൽ എത്തിക്കും
പഞ്ചായത്തുകളിൽ 50 കിടക്കകളുള്ള ഓരോ കേന്ദ്രവും മുനിസിപ്പാലിറ്റികളിൽ 100 കിടക്കകളുള്ള കേന്ദ്രങ്ങളുമാണ് ഒരുങ്ങിയത്. കൂടാതെ ജില്ലാതലത്തിൽ കൂടുതൽ ബെഡ്ഡുകളുള്ള കേന്ദ്രങ്ങളുമുണ്ട്. ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ സാമഗ്രികൾ ജനപങ്കാളിത്തത്തോടെ ശേഖരിക്കുകയാണ്.
ആതുരാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്ത വിധം കൊവിഡ് ചികിത്സ ഒരുക്കുകയാണ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളുടെ ലക്ഷ്യം.