കൽപ്പറ്റ: ജില്ലയിൽ 20 കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 2630 കിടക്കകൾ സജ്ജീകരിച്ചു. മൂന്ന് സി.എഫ്.എൽ.ടി.സികളിൽ ഉദ്യോഗസ്ഥരുടെ വിന്യാസം പൂർത്തിയായി. 10 ഡോക്ടർമാർ, 16 സ്റ്റാഫ് നേഴ്സ്, 3 ഫാർമസിസ്റ്റ്, 10 ഗ്രേഡ് 2 ജീവനക്കാർ എന്നിങ്ങനെയാണ് മൂന്ന് സി.എഫ്.എൽ.ടി.സികളിലായി നിയമിച്ചത്.

5819 കിടക്കകളുടെ സൗകര്യത്തിൽ 54 കേന്ദ്രങ്ങൾ സി.എഫ്.എൽ.ടി.സികളാക്കുന്നതിന് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ കൊവിഡ് ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിക്കു കീഴിലുള്ള മാനന്തവാടി വയനാട് സ്‌ക്വയർ സി.എഫ്.എൽ.ടി.സിയിലും ദ്വാരക പാസ്റ്ററൽ സെന്ററിലുമാണ് ഇപ്പോൾ രോഗികളെ ചികിത്സിക്കുന്നത്. ദ്വാരക പാസ്റ്ററൽ സെന്ററിൽ 30 രോഗികളെയും വയനാട് സ്‌ക്വയറിൽ 70 രോഗികളെയും കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.
സജ്ജമായ നല്ലൂർനാട് എം.ആർ.എസിൽ നാല് ഡോക്ടർമാരെയും ഏഴ് നേഴ്സ്മാരെയും ആറ് ഗ്രേഡ് 2 ജീവനക്കാരെയും ഒരു ഫാർമസിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്. ഇവിടെ 144 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്.

രോഗികളുടെ ആധിക്യം കൂടുന്നതനുസരിച്ച് മറ്റു കേന്ദ്രങ്ങളിലും ചികിത്സ നൽകി തുടങ്ങും. ഈ കേന്ദ്രങ്ങളിൽ ആവശ്യത്തിനുള്ള ജീവനക്കാരെയും നിയമിക്കും. മാനന്തവാടി താലൂക്കിലെ മറ്റ് സി.എഫ്.എൽ.ടി.സി കേന്ദ്രങ്ങളായ മാനന്തവാടി ഗവ.കോളേജിൽ 100 കിടക്കകളും കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാളിൽ 80, മക്കിയാട് റിട്രീറ്റ് സെന്ററിൽ 100, മാനന്തവാടി മേരിമാതാ കോളേജിൽ 50, തലപ്പുഴ പ്രീ മെട്രിക് ഹോസ്റ്റലിൽ 60 കിടക്കകളുമാണ് ഒരുക്കിയിരിക്കുന്നത്.

ബത്തേരി താലൂക്കിൽ സെന്റ്‌മേരീസ് എച്ച്.എസ്.എസിൽ 130 കിടക്കകളും, ബത്തേരി ഡയറ്റിൽ 100, അദ്ധ്യാപക ഭവനിൽ 82, കല്ലൂർ എം.ആർ.എസിൽ 210, പുൽപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ 69 കിടക്കകളും ഒരുക്കിയിട്ടുണ്ട്. വൈത്തിരി താലൂക്കിൽ പൂക്കോട് നവോദയ വിദ്യാലയത്തിൽ 480 കിടക്കകളും വെറ്ററിനറി യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ 290, കൽപ്പറ്റ ആയുർവ്വേദ ആശുപത്രിയിൽ 40, കണിയാമ്പറ്റ എം.ആർ.എസിൽ 325, മേപ്പാടി പോളിടെക്നിക് ഗേൾസ് ഹോസ്റ്റലിൽ 50, മേപ്പാടി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ 100 കിടക്കകളും കോട്ടത്തറ ട്രൈബൽ ഹോസ്റ്റലിൽ 60 കിടക്കകളും ഒരുക്കിയിട്ടുണ്ട്.