കോഴിക്കോട്: വെസ്റ്റ്ഹിൽ കോന്നാട് ബീച്ചിലെ വോളിബാൾ കോർട്ട് നിർമ്മാണം വിവാദത്തിൽ. ടൂറിസത്തിന്റെ മറവിൽ കടപ്പുറത്തിന്റെ തനിമയും സൗന്ദര്യവും നഷ്ടപ്പെടുത്തുന്ന പദ്ധതിയുമായാണ് ജില്ലാ ഭരണകൂടം മുന്നോട്ടുപോകുന്നതെന്ന് കോന്നാട് സ്‌നേഹതീരം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ഹർഷൻ കാമ്പുറവും വെസ്റ്റ്ഹിൽ വികസന കർമ്മ സമിതി ജനറൽ കൺവീനർ സുധീഷ് കേശവപുരിയും പറഞ്ഞു. ടൂറിസത്തിനായി വോളിബാൾ കോർട്ടും സൈക്കിൾ യാർഡും നിർമ്മിക്കാനുള്ള നീക്കം അപലപനീയമാണ്. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തിന് തടസം നിൽക്കുന്നതും കടലോരത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നതുമാണ് പദ്ധതിയെന്നും ഇവർ കുറ്റപ്പെടുത്തി .അതെസമയം സാമൂഹിക അകലം പാലിക്കാതെ പ്രദീപ് കുമാർ എം.എൽ.എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം കടപ്പുറം സന്ദർശിച്ചതും വിവാദമായിട്ടുണ്ട്.